'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

05 September 2012

ഈ പക്ഷികളെല്ലാം എങ്ങോട്ടാണ് പോയി മറഞ്ഞത്?

       മറ്റൊരു വിഷു കൂടി വന്നു പോയ ഒരു ഏപ്രില്‍ മാസമാണീ കടന്നു പോയത്. കാര്‍ഷികവൃത്തികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുന്ന കേരളീയരുടെ പ്രിയപ്പെട്ട പുതുവത്സരാഘോഷം കൂടിയാണ്  വിഷു. പഴയകാലങ്ങളില്‍ വിഷു കഴിഞ്ഞയുടന്‍ തന്നെ നെല്‍പ്പാടങ്ങളില്‍ വിത്തു വിതക്കുകയും പുതിയ കൃഷി തുടങ്ങാനുള്ള  നടപടികള്‍  ആരംഭിക്കുകയുമാണ്  പതിവ്.  കര്‍ഷകര്‍ മഴയെ ദൈവമായി കരുതുകയും മഴ അവരെ ചതിക്കാതിരിക്കുകയും ചെയ്ത കാലം. അക്കാലത്ത് മഴ വന്നണയാന്‍ ഒരല്‍പം താമസിച്ചാല്‍ പോലും ഒട്ടും അമാന്തം കാണിക്കാതെ 'വിത്തും കൈക്കോട്ടും' എന്ന ശ്രവണമധുര ഗാനവുമായി കര്‍ഷകരെ ഉണര്‍ത്താന്‍ കൃത്യമായി വന്നണഞ്ഞിരുന്നതാണ് വിഷുപ്പക്ഷി. എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യ വാരത്തോടെ അതിന്‍റെ ഒരിക്കലും നിലക്കാത്ത 'വിത്തും കൈക്കോട്ടും'  നാം കേട്ട് തുടങ്ങുമായിരുന്നു. അത് കര്‍ഷകര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലും കൃഷിപ്പണികള്‍ തുടക്കം കുറിക്കാനുള്ള ഒരു നല്ല പശ്ചാത്തലസംഗീതവും ആയിരുന്നു. കുയിലല്ലാതെ മറ്റൊരു പക്ഷിയും വിഷുപ്പക്ഷിയെപ്പോലെ അതിമനോഹരമായി പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. അത് മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ മാത്രമേ കേള്‍ക്കാറുമുണ്ടായിരുന്നുമുളളൂ..

ഈ വേനലില്‍,  ആ പക്ഷി വന്ന് ജനങ്ങളെ വിത്തും കൈക്കോട്ടും എടുക്കാന്‍ പ്രേരിപ്പിക്കുകയാണെങ്കില്‍ തന്നെയും ആരുടെ കയ്യിലും ഒരു വിത്ത് പോലും എടുക്കാനില്ലാത്തതും, കേരളത്തിന്‍റെ നെല്ലറയെന്ന് ഒരു കാലത്ത് വിശേഷിപ്പിച്ചിരുന്ന ജില്ലയില്‍ വിത്തു വിതക്കാനുള്ള സ്ഥലം പോലുമില്ലാതായതും അത് ശ്രദ്ധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ  അതിനി നമുക്ക് വേണ്ടി ഒരിക്കലും പാടുകയില്ലെന്നും അല്ലെങ്കില്‍ നമ്മുടെ നാട് സന്ദര്‍ശിക്കുക പോലും ചെയ്യില്ലെന്നും തീരുമാനിക്കുമായിരുന്നു.  (അതൊരു ദേശാടനപ്പക്ഷിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉയരം കൂടിയ മരങ്ങളില്‍ മാത്രമാണവ ചേക്കേറാറുള്ളത്. മരങ്ങള്‍ വ്യാപകമായി മുറിക്കപ്പെടുന്നത്‌ കൂടിയാവാം അവയുടെ വംശം നിലനില്‍ക്കാത്തതിന്‍റെ മറ്റൊരു കാരണം).  വിഷുപ്പക്ഷിയുടെ ഗാനവും ശബ്ദവും മാത്രമല്ല , മറ്റനേകം പക്ഷികളുടെ കളകൂജനങ്ങളും ഇന്ന് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.



ഞങ്ങള്‍ ഒരു കര്‍ഷക കുടുംബമായിരുന്നു. കുട്ടികളായിരുന്ന ഞങ്ങളുടെ അന്നത്തെ പ്രധാന വിനോദം തന്നെ നെല്‍പ്പാടങ്ങളില്‍ കറങ്ങി നടന്നു പക്ഷികളെ കാണുകയും അവ എങ്ങനെയാണ് കൂട് കൂട്ടുന്നതെന്ന് നോക്കി നടക്കലുമായിരുന്നു. നെല്‍പ്പാടങ്ങളുടെ ഓരങ്ങളില്‍ ധാരാളം തെങ്ങുകളും കരിമ്പനകളും വളര്‍ന്നിരുന്നു. പനയോലകളുടെ അഗ്രങ്ങളില്‍ തൂക്കണാംകുരുവികളുടെ മനോഹരമായി നെയ്തുണ്ടാക്കിയ കൂടുകളും തൂങ്ങിക്കിടക്കാറുണ്ടായിരുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് കുഞ്ഞിക്കുരുവികള്‍ മൂപ്പെത്താത്ത നെല്‍ക്കതിരുകളിലെ പാല്‍ നുകരാന്‍ നെല്‍പ്പാടങ്ങളില്‍ പറന്നിറങ്ങാറുമുണ്ടായിരുന്നു. നെല്‍ച്ചെടികളില്‍ പുതുനാമ്പുകള്‍ തളിരിടുമ്പോഴേക്കും അവ പറന്നെത്തുകയായി. അക്കാലത്ത് കിളികളെ പേടിപ്പിച്ചോടിക്കാന്‍ ഒരു തകരത്തപ്പും തന്ന് അച്ഛന്‍ എന്നെ പാടത്തേക്കു പറഞ്ഞയക്കും. പക്ഷെ മിക്കവാറും ഞാന്‍ കര്‍ത്തവ്യം മറന്ന് കിളികള്‍ തളിരിലകളിരിക്കുന്നതും പച്ച നെല്‍ക്കതിരുകളില്‍ നിന്നും പാല്‍ നുകരുന്നതുമായ കാഴ്ചകളില്‍ മതിമറന്നിരിക്കുകയാവും.  ഈ നെല്‍ക്കതിരുകള്‍ വിളവെടുക്കാന്‍ പാകമാവുമ്പോള്‍ തത്തകള്‍ കൂട്ടം കൂട്ടമായി വന്ന് മൂപ്പെത്തിയ നെല്‍ക്കതിരുകള്‍ കൊക്കിലൊതുക്കി പറന്നുയരുന്ന മനോഹരദൃശ്യവും ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു.

പനകളുടെ തടിയില്‍ വൃത്തിയായി കൊത്തിയുണ്ടാക്കിയ ദ്വാരങ്ങളിലായിരുന്നു തത്തകള്‍ കൂടുകൂട്ടിയിരുന്നത്.  ഈ കൂടുകള്‍ ക്ഷമാപൂര്‍വ്വം കൊത്തിയുണ്ടാക്കുന്നത് മരംകൊത്തികളാണെന്നത് കണ്ടെത്തും വരെ തത്തകള്‍ക്കെങ്ങനെ ഇത് സാധ്യമാവുന്നുവെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു.  നല്ല ഒന്നാംതരം ആശാരിമാരായിരുന്ന മരംകൊത്തികള്‍ അവയുടെ നീണ്ടു കൂര്‍ത്ത് കാഠിന്യമേറിയ ചുണ്ടുകള്‍ ഉളിയായി പ്രയോഗിച്ചായിരുന്നു ആ കൂടുനിര്‍മ്മാണം.  മരക്കൊമ്പുകളുടെ മൃദുലമായ ഉള്‍ഭാഗങ്ങളില്‍ ചെറുകീടങ്ങളെയും പ്രാണികളെയും തിരഞ്ഞാണ് മരംകൊത്തികള്‍ തുളകള്‍ നിര്‍മ്മിക്കുന്നതെങ്കിലും അവിടെ പിന്നീട് തത്തകള്‍ കൂടു കൂട്ടുകയായിരുന്നു പതിവ്.  ടക്, ടക്, ടക് ശബ്ദം കേള്‍ക്കുകയാണെങ്കില്‍ ഞാന്‍ ഉറപ്പിക്കും അതൊരു മരം കൊത്തി ഏതെങ്കിലും ഉറപ്പുള്ള മരക്കൊമ്പ് തുളക്കുകയാണെന്ന്. പിന്നെ ഞാനവനെ പിന്തുടരാന്‍ തുടങ്ങും. പക്ഷികളില്‍ മരംകൊത്തിക്ക് മാത്രമാണ് മരക്കൊമ്പുകളിലൂടെ കിഴക്കാം തൂക്കായി നടക്കാനുള്ള കഴിവുള്ളതെന്നു തോന്നുന്നു. എന്ത് മനോഹരമായിരുന്നു ആ കാഴ്ച! അവയുടെ ബലമേറിയ കാലുകളും, തലയിലെ ചുവന്ന പൂവും, മുഖത്തെ കടുംചുവപ്പ് നിറത്തിലുള്ള വരയും, കറുത്ത കൊക്കും ടക്, ടക്, ടക്, സ്വരവുമെല്ലാം എന്നെ എന്നും മോഹിപ്പിച്ചിരുന്നു.

കുളക്കരയിലുള്ള ഒരു തെങ്ങ് മിന്നലേറ്റ്  തല പോയതായിരുന്നു. കുറെ കാലമായി തലയില്ലാതെ കിടക്കുന്ന അതിന്‍റെ ഉച്ചിയില്‍ മൂന്നു തത്തക്കൂടുകളെങ്കിലും ഉണ്ടായിരുന്നു. കുറെ തത്തകള്‍ ആ ദ്വാരങ്ങളിലേക്ക് കടക്കുന്നതും അവയുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം തേടാന്‍ ഇടയ്ക്കിടെ പുറത്തേക്കു പോകുന്നതും ഞാന്‍ കാണാറുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ കണ്ടത് കുറെ പേര്‍ ആ തെങ്ങ് മുറിക്കാനൊരുങ്ങുന്നതാണ്. ഉടന്‍ തന്നെ അങ്ങോട്ടോടിച്ചെന്ന് മരം വെട്ടുകാരോട് ആ തെങ്ങില്‍ കുറെ തത്തകളുടെ കൂടുള്ളത് കൊണ്ട് അത് മുറിക്കരുതെന്നു ഞാന്‍ കേണപേക്ഷിച്ചു. പക്ഷെ അവരെന്നെ നോക്കി ചിരിക്കുകയും ജോലി തുടരുകയും വലിയൊരു ശബ്ദത്തോടെ മരം വീഴ്ത്തുകയും ചെയ്തു. ഞാന്‍ ഓടി തലഭാഗത്ത് ചെന്ന് നോക്കിയപ്പോള്‍ അതിലെ മുട്ടകളും വിരിഞ്ഞ കുഞ്ഞുങ്ങളുമെല്ലാം ചിതറിത്തെറിച്ചു കിടക്കുന്നതാണ് കണ്ടത്. ഭാഗ്യവശാല്‍ ഒരു കൂട്ടിലെ ഒരു കുഞ്ഞിനു മാത്രം ജീവനുണ്ടായിരുന്നു. ചുണ്ടിന്‍റെ നിറവും രൂപവും കണ്ടു മാത്രം തത്തക്കുഞ്ഞാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന അതിനെ ഞാന്‍ വീട്ടിലേക്കു കൊണ്ട് വന്നു. അതിനു ചിറകുകള്‍ മുളച്ചിരുന്നില്ല. ഞാന്‍ അതിനെ ശ്രദ്ധയോടെ പാലൂട്ടി. രണ്ടാഴ്ചക്കകം പഴവും കൊടുക്കാന്‍ തുടങ്ങി. അങ്ങനെ മൂന്നു മാസം കൊണ്ട് പറക്കാന്‍ തുടങ്ങിയപ്പോള്‍ അവനെ സ്വതന്ത്രമാക്കി വിട്ടെങ്കിലും ദൂരെയൊന്നും പോകാതെ ഞങ്ങളുടെ വീട്ടു വളപ്പിലുള്ള തെങ്ങുകളില്‍ത്തന്നെ പാറി നടന്നു. വൈകുന്നേരം ഞാന്‍ സ്കൂളില്‍ നിന്നെത്തുമ്പോള്‍ അത് താഴേക്കു പറന്നു വന്നു എന്‍റെ തലയിലിരിക്കും!

കൈ നീട്ടുമ്പോള്‍ അവന്‍ എന്‍റെ വിരലുകളിലേക്കു ചാടുകയും ഒരു ചെറുതളികയില്‍ ഞാന്‍ കൊടുക്കുന്ന പാല്‍ കുടിക്കുകയും ചെയ്യും. മേല്‍ച്ചുണ്ടിന്‍റെ കൂര്‍ത്ത അഗ്രം തളികയില്‍ ഉ‍റപ്പിച്ചു നിര്‍ത്തി കീഴ്ച്ചുണ്ടും നാക്കും ചലിപ്പിച്ചു കൊണ്ടാണ് പാല്‍ കുടിക്കുക. പിന്നെ എന്‍റെ തോളിലേക്ക് ചാടിക്കയറി കൈവെള്ളയില്‍ നിന്നും നെന്മണികള്‍ കൊത്തിത്തിന്നു തുടങ്ങും.  കീഴ്ച്ചുണ്ടിനും മേല്‍ച്ചുണ്ടിനും ഇടയില്‍ വെച്ചമര്‍ത്തി അതിവിദഗ്ദമായി ഉമി കളയും. പിന്നെ ധാന്യം മാത്രം വിഴുങ്ങും.  കൊച്ചു വയറു നിറയുമ്പോള്‍ അവന്‍ കൂട്ടില്‍ ചെന്ന് തല വലതു ചിറകിനുള്ളില്‍ പൂഴ്ത്തി സുഖമായി ഉറങ്ങും. കൂടിന്‍റെ വാതിലടച്ചു ഞാനെന്‍റെ തലയിണക്കടുത്തു വെക്കും.

കൃത്യം 6 മണിക്ക് തന്നെ അവന്‍ ഉണര്‍ന്ന് അസ്വസ്ഥനാവാന്‍ തുടങ്ങും. ഞാന്‍ കൂട് തുറന്നു വിട്ടാലുടന്‍ അവനെന്‍റെ തലയിലേക്കും അവിടെനിന്നു കയ്യിലേക്കും പറന്നു കയറി ധൃതിയില്‍ ഒരല്‍പം പാല്‍ കുടിച്ച് ശരംവിട്ട പോലെ പറന്നകലും.

പൂര്‍ണ്ണവളര്‍ച്ചയെത്തിയപ്പോള്‍ അവന്‍ അകലങ്ങളിലേക്കും പറക്കാന്‍ ‍ തുടങ്ങി. എങ്ങോട്ടാണ് അവന്‍ പോയതെന്ന്‍ എനിക്കറിയില്ലെങ്കിലും വൈകുന്നേരം ആറ് മണിയാവുമ്പോഴേക്കും എന്നെയും കാത്ത് അവന്‍ തെങ്ങിന്‍ മുകളിലിരിക്കുന്നുണ്ടാവും.  ഞാന്‍ വീട്ടിലില്ലാത്ത ചില ദിവസങ്ങളില്‍ അവന്‍ താഴേക്കു വരാതെ തെങ്ങിന്‍ മുകളില്‍ തന്നെ ചേക്കേറി രാവിലെ പറന്നു പോകും. ഏറ്റവും രസകരമായ കാര്യം അവന്‍ രാവിലെ എന്‍റെയടുത്തു നിന്നു പുറപ്പെടുമ്പോഴും വൈകുന്നേരങ്ങളില്‍ എന്‍റെയടുത്തേക്ക് വരാന്‍ വേണ്ടി തെങ്ങിന്‍മുകളിലേക്കെത്തുമ്പോഴും എല്ലാ തത്തകളും അവനെ അനുഗമിക്കാറുണ്ടായിരുന്നുവെന്നതാണ്.

അവനെന്‍റെ തലയില്‍ വന്നിറങ്ങുന്നതും പറന്നുയരുന്നതും അവ അദ്ഭുതത്തോടെ നോക്കി നില്‍ക്കും. പിന്നെ കൂട്ടത്തോടെ സംഗീത സ്വരം പുറപ്പെടുവിച്ച് അവനെയും കൂട്ടി പറന്നകലും.

ഏതാണ്ട് മൂന്നു വര്‍ഷത്തോളം അവനെന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു. അവകാശപ്പെട്ട എല്ലാ സ്വാതന്ത്ര്യവും ഞാനവനു വകവെച്ചു കൊടുക്കുകയും ചെയ്തിരുന്നു. പിന്നെപ്പിന്നെ അവന്‍ വരാതായി. എന്നോടുള്ള സുഹൃദ്ബന്ധത്തെക്കാളും സ്വന്തം കുടുംബ ബന്ധങ്ങള്‍ അവന് വിലപ്പെട്ടതായി മാറിയതായിരിക്കാം കാരണം. ഇപ്പോഴും അവന്‍റെ അഭാവം എന്നെ വിഷമിപ്പിക്കാറുണ്ടെങ്കിലും അവന് ജന്മനാല്‍ വിധിക്കപ്പെട്ട മരങ്ങളിലൂടെ ആര്‍ത്തുല്ലസിച്ചു പാറിക്കളിക്കാനുള്ള സ്വാതന്ത്ര്യവും സന്തോഷവും ഒരിക്കലും ഞാനവനു നിഷേധിച്ചിട്ടില്ലായിരുന്നുവെന്നത്  എന്നെ ശരിക്കും സന്തോഷിപ്പിക്കാറുമുണ്ട്. ഇന്നിപ്പോള്‍ ഈ സംഭവകഥ എന്‍റെ അഞ്ചുവയസ്സുള്ള ഇളയ മകള്‍ക്ക്‌ വീണ്ടും വീണ്ടും കേള്‍ക്കണം.  ഞാനീ കഥ അവളെ എത്ര തവണ കേള്‍പ്പിച്ചിട്ടുണ്ടെന്നു പോലും എനിക്കറിയില്ല. ഓരോ തവണ കേള്‍ക്കുമ്പോഴും തത്തയ്ക്ക് വേണ്ടി കൂടുണ്ടാക്കുന്ന ഒരു മരംകൊത്തിയെ കാണിച്ച് കൊടുക്കാന്‍ അവളെന്നോട് ആവശ്യപ്പെടും.

കഷ്ടം തന്നെ!  അവയെ ഇപ്പോള്‍ കാണാനേ കിട്ടുന്നില്ല.  മരംകൊത്തിയെ മാത്രമല്ല തത്തയെയും ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ കാണാനില്ല. അതുപോലെ ഓലേഞ്ഞാലിപ്പക്ഷികള്‍ക്കും എന്താണ് സംഭവിച്ചത്?  അവയുടെ ഒരൊറ്റ കൂട് പോലും ഇപ്പോഴെവിടെയും കാണാനില്ല.  അല്ലെങ്കിലും എങ്ങനെ കാണാന്‍ സാധിക്കും. അവയ്ക്ക് ഭക്ഷണം നല്‍കിയിരുന്ന നെല്‍വയലുകളും നെല്‍ക്കൃഷിയും നാട്ടില്‍ നിന്നും തീരെ അപ്രത്യക്ഷമായിരിക്കുകയാണല്ലോ. നമ്മുടെ കൃഷിപ്പണികളിലുള്ള അലംഭാവവും മനുഷ്യനിര്‍മ്മിതമായ  കാലാവസ്ഥാ വ്യതിയാനവും തരണം ചെയ്യാന്‍ അവയ്ക്കാവില്ലല്ലോ.  എന്നാലും ഈ മരം കൊത്തികളെല്ലാം കൂടി എങ്ങോട്ടാണ് പോയിക്കളഞ്ഞത്. എന്താണവയ്ക്ക് പറ്റിയത്? പണ്ടുകാലങ്ങളില്‍ അവയെ ജോഡികളായി ദിവസവും കണ്ടിരുന്നുവെങ്കിലും എന്‍റെ ഇളയ മകള്‍ക്ക് കാണിച്ച് കൊടുക്കാന്‍ ഒരെണ്ണത്തിനെ പോലും ഈ വര്‍ഷം കാണാനില്ല!

അതിന്‍റെ ആ  ടക് ടക് ടക് ടക് ടക് ടക്... സ്വരമൊന്നു കേള്‍ക്കാന്‍ കുറേക്കാലമായി ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്!
 
ദ ഹിന്ദുവില്‍ വന്ന Where have all the birds gone? എന്ന ലേഖനം വിവര്‍ത്തനം ചെയ്തത്.

25 June 2012

സിസേക് സംസാരിക്കുന്നു: ഞാനൊരു ഭ്രാന്തനായാണ് ജീവിക്കുന്നത്!

നമ്മുടെ കാലത്തെ ഏറ്റവും വലിയ ചിന്തകരിലൊരാളായ സ്ലാവോയ് സിസേക്കിന്‍റെ  ഹെഗലിനെക്കുറിച്ചുള്ള  Less Than Nothing: Hegel and the Shadow of Dialectical Materialism എന്ന പുതിയ പുസ്തകം ഈ മാസം 15നു പുറത്തിറങ്ങി.  ഇതിന് മുന്നോടിയായി ബ്രിട്ടീഷ് പത്രമായ 'ഗാര്‍ഡിയനി'ലെ മാധ്യമപ്രവര്‍ത്തക Decca Aitkenhead അദ്ദേഹവുമായി നടത്തിയ  അഭിമുഖത്തിന്‍റെ സ്വതന്ത്ര വിവര്‍ത്തനം.

(22/06/2012 ന് 'നാലാമിട'ത്തില്‍ പ്രസിദ്ധീകരിച്ചത്)



സ്ലാവോയ് സിസേക്കിന് ല്യൂബ്ലാനയിലുള്ള സ്വന്തം അപ്പാര്‍ട്ട്മെന്റിന്‍റെ നമ്പര്‍ പോലും അറിയില്ല.
“കുഴപ്പമില്ല”. പുറത്തു പോയി വരാന്‍ നിന്ന ഫോട്ടോഗ്രാഫറോട് അദ്ദേഹം പറഞ്ഞു. “തിരിച്ചു വരുമ്പോള്‍ പ്രധാനവാതിലിലൂടെ തന്നെ അകത്തേക്ക് വരിക. എന്നിട്ട് ഒരു വലതുപക്ഷ പരിഷ്കരണവാദിയെപ്പോലെ ഒരു നിമിഷം ചിന്തിക്കുക. ഇടത്ത് നിന്ന് വലത്തോട്ട് തിരിയുക. അറ്റമെത്തുമ്പോള്‍ വീണ്ടും വലത്തോട്ട്….” എന്നാലും നമ്പര്‍ അറിയണ്ടേ? അയാള്‍ക്ക് വഴി തെറ്റിയാലോ? “20 ആണെന്ന് തോന്നുന്നു. അല്ലെങ്കിലും അതൊക്കെ ആര്‍ക്കാണറിയുന്നത്. ഏതായാലും ഒന്ന് കൂടി നോക്കി ഉറപ്പു വരുത്തിയേക്കാം.” സിസേക്ക് ഇടനാഴിയിലൂടെ നടന്ന് വാതില്‍ തുറന്ന് നമ്പര്‍ നോക്കി ഉറപ്പു വരുത്തി.

ഫോട്ടോഗ്രാഫറെ കൈ വീശിക്കാണിച്ച് യാത്രയാക്കിയ ശേഷം അദ്ദേഹം സ്ലോവേനിയന്‍ തലസ്ഥാനമായ ആ നഗരത്തിലൂടെ അങ്ങ് ദൂരേക്ക് ചൂണ്ടിക്കാണിച്ചു. “ആ കാണുന്നത് ഒരുതരം പ്രതിസംസ്കാര സ്ഥാപനമാണ്. എനിക്കവറ്റകളെ വെറുപ്പാണ്. അവറ്റകള്‍ക്കെന്നെയും. ഇടതുചിന്താഗതിക്കാരില്‍ ഇത്തരക്കാരെയാണ് ഞാന്‍ വെറുക്കുന്നത്. അതിസമ്പന്നരുടെ മക്കളായ റാഡിക്കല്‍ ഇടതന്‍മാര്‍.” മറ്റു കെട്ടിടങ്ങളില്‍ മിക്കവയും സര്‍ക്കാര്‍ വക കാര്യാലയങ്ങളാണ്. “എനിക്കവയോടും വെറുപ്പാണ്.” അദ്ദേഹം ലിവിംഗ് റൂമിലേക്ക് നടന്നു. ജോസഫ് സ്റാലിന്റെ ഒരു പടവും Call Of Duty: Black Ops എന്നെഴുതിയ ഒരു വീഡിയോ ഗെയിമിന്‍റെ വാള്‍ പോസ്റ്ററുമല്ലാതെ എടുത്തു പറയത്തക്ക അലങ്കാരങ്ങള്‍ ഒന്നുമില്ലാത്ത, എന്നാല്‍ അടുക്കും ചിട്ടയുമുള്ള ഒരു സാധാരണ ലിവിംഗ് റൂം. ഡിസ്നി മര്‍ച്ചന്റൈസിംഗ് രീതിയില്‍ അലങ്കാരപ്പണി ചെയ്ത മാക്ഡൊണാള്‍ഡിന്‍റെ പ്ലാസ്റിക് കപ്പുകളിലേക്ക് അദ്ദേഹം കോക് സീറോ ഒഴിച്ചു. എന്നാല്‍, സിസേക്ക് അടുക്കളയിലെ കപ്ബോര്‍ഡ് തുറന്നപ്പോള്‍ ഞാന്‍ കണ്ടത് അതില്‍ നിറയെ വസ്ത്രങ്ങളാണ്.
“ഞാനൊരു ഭ്രാന്തനായാണ് ജീവിക്കുന്നത്!” എന്ന് ഉച്ചത്തില്‍ പറഞ്ഞ് അദ്ദേഹം എന്നെ അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ നടന്നു കാണിച്ചു. “നോക്ക്, വസ്ത്രങ്ങള്‍ വെക്കാന്‍ ഒരിടവും ബാക്കിയില്ല.” ശരിയാണ്. എല്ലാ മുറികളിലും മുകളറ്റം വരെ പുസ്തകങ്ങളും ഡി.വി.ഡികളുമാണ്. അദ്ദേഹത്തിന്‍റെ 75 പുസ്തകങ്ങളുടെ വിവിധ വാല്യങ്ങളും അവയുടെ എണ്ണമറ്റ ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങളും തന്നെയുണ്ട് ഒരു മുറി നിറയെ.

സിസേക്, സിസേക്

നിങ്ങള്‍ സിസേക്കിന്‍റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കില്‍ എന്നെക്കാള്‍ യോഗ്യന്‍ നിങ്ങള്‍ തന്നെയാണ്. സ്ലോവേനിയന്‍ തത്വചിന്തകനും സാംസ്ക്കാരിക നിരൂപകനുമായ അദ്ദേഹം 1949 ല്‍ ജനിച്ച് പഴയ യൂഗോസ്ലാവ്യയിലെ ടിറ്റോയുടെ ഭരണത്തിന്‍ കീഴില്‍ വളര്‍ന്നതാണെങ്കിലും അഭിപ്രായഭിന്നതയുടെ സംശയമുനകള്‍ അദ്ദേഹത്തെ പാണ്ഡിത്യത്തിന്‍റെ വിളനിലങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. The Sublime Object of Ideology എന്ന തന്‍റെ ആദ്യ ഇംഗ്ലീഷ് പുസ്തകം 1989 ല്‍ പുറത്തിറങ്ങിയതോടെ അദ്ദേഹം പാശ്ചാത്യ ലോകത്തും ശ്രദ്ധേയനായിത്തുടങ്ങി. സിസേക്കിന്‍റെ ഒരു ആരാധ്യപുരുഷനായ ഹെഗേലിനെ, മറ്റൊരു ആരാധ്യപുരുഷനായ ഴാക് ലകാന്‍റെ കാഴ്ചപ്പാടിലൂടെ ഒരു പുനര്‍വായന നടത്തുകയാണ് ആ പുസ്തകം. അത് മുതലിങ്ങോട്ട് Living in the End Times, പോലുള്ള പുസ്തകങ്ങളും, The Pervert’s Guide To Cinema തുടങ്ങിയ ചലച്ചിത്രങ്ങളും എണ്ണമറ്റ ലേഖനങ്ങളും അദ്ദേഹത്തിന്‍റെ പേരില്‍ പുറത്തു വരാന്‍ തുടങ്ങി.
സാംസ്ക്കാരിക സിദ്ധാന്തത്തിന്‍റെ മാനദണ്ഡം വെച്ച് അളക്കുമ്പോള്‍ കൂടുതല്‍ ഗ്രാഹ്യമായ തലത്തിലാണ് സിസേക്കിന്‍റെ സൃഷ്ടികളുടെ സ്ഥാനം. എന്നാല്‍ ഈ സ്ഥാനം അദ്ദേഹത്തിന് എവിടെ വെച്ചാണ് കൈമോശം വരുന്നതെന്ന് മനസ്സിലാക്കിത്തരാന്‍ ഒരു വാക്യം ഇവിടെ ഉദ്ധരിക്കുന്നു. “Zizek finds the place for Lacan in Hegel by seeing the Real as the correlate of the selfdivision and selfdoubling within phenomena.” അദ്ദേഹത്തിന്‍റെ രചനകള്‍ ഗ്രഹിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളവയാണെന്ന് കാണിക്കാന്‍ Zizek : A Guide for the Perplexed എന്ന പുസ്തകത്തില്‍ നല്‍കിയിരിക്കുന്നത് ഈ ഉദ്ധരണിയാണ്.
അദ്ദേഹത്തിന്‍റെ ആഗോള ആരാധകരെ വിഷമിപ്പിക്കുമെങ്കിലും ഒരു കാര്യം പറയാതെ വയ്യ, അദ്ദേഹത്തിന്‍റെ മിക്ക രചനകളും കടുപ്പം കൂടിയവയാണ്. എന്നാലും അദ്ദേഹം എഴുതുന്നത് ഉന്മേഷദായകമായ ഒരു അഭീഷ്ടത്തോട് കൂടിയാണെന്നതും കേന്ദ്രീകൃത നിലപാടുകള്‍ ദീര്‍ഘവീക്ഷണമുളളവയും ചിന്തോദ്ദീപകങ്ങളുമാണെന്നതും നിരൂപകര്‍ പോലും സമ്മതിക്കുന്നതാണ്. കാതലായി പറഞ്ഞാല്‍ ഒരു സംഗതിയും ഒരിക്കലും അതിന്‍റെ പ്രത്യക്ഷ രൂപം പോലെ ആയിക്കൊളളണമെന്നില്ലെന്നും മിക്കവാറും എല്ലാറ്റിലും വിരോധാഭാസം കുടികൊള്ളുന്നുണ്ടെന്നും ആ രചനകളിലൂടെ അദ്ദേഹം വാദിക്കുന്നു. പുരോഗമനപരമെന്നോ വിപ്ലവകരമെന്നോ നാം കരുതുന്ന പലതും അല്ലെങ്കില്‍ വെറും നീതിശാസ്ത്രങ്ങള്‍ പോലും യഥാര്‍ത്ഥത്തില്‍ യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല തന്നെ.


ജൈവ ആപ്പിള്‍ വാങ്ങുമ്പോള്‍

“നിങ്ങള്‍ ഒരു ജൈവ ആപ്പിള്‍ (ഓര്‍ഗാനിക് ആപ്പിള്‍) വാങ്ങുമ്പോള്‍, ആദര്‍ശപരമായ കാരണം കൊണ്ടാണ് നിങ്ങള്‍ അപ്രകാരം ചെയ്യുന്നതെങ്കില്‍, ‘ഭൂമിയമ്മക്കുവേണ്ടി ഞാന്‍ ഒരു നല്ല കാര്യം ചെയ്യുന്നു’വെന്ന ചിന്ത നിങ്ങള്‍ക്ക് മനഃസുഖം നല്‍കുന്നത് പോലെയാണത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം എന്താണ് ചെയ്തിരിക്കുന്നത്? അതൊരു തെറ്റായ പ്രവൃത്തി മാത്രമല്ലേ. ശരിക്കും ചെയ്യേണ്ട കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വേണ്ടിയാണ് നാം ഈ വക കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് വിരോധാഭാസം. അപ്പോള്‍ നിങ്ങള്‍ക്കൊരു സംതൃപ്തി തോന്നുകയും ചെയ്യുന്നു. ഒന്ന് കൂടി ഓര്‍ത്തു നോക്കുക. നിങ്ങള്‍ മാസത്തില്‍ 5 യൂറോ വീതം ഏതെങ്കിലും സോമാലി അനാഥന് അയച്ചു കൊടുക്കുകയും നിങ്ങളുടെ കടമ നിറവേറ്റുകയും ചെയ്യുന്നു”.
എന്നാല്‍ അപ്പോഴും നാം യഥാര്‍ത്ഥത്തില്‍ വഞ്ചിക്കപ്പെടുകയല്ലേ?. വമ്പന്മാരുടെ നിലനില്‍പ്പിന് കോട്ടമുണ്ടാകാത്ത വിധം നാം സ്വയമറിയാതെ അവരെ സഹായിക്കുകയല്ലേ ചെയ്തത്?
“അതെ. അത് തന്നെയാണ്”.
രാഷ്ട്രീയ മേല്‍വിലാസവുമായി രംഗത്ത് വരുന്ന പാശ്ചാത്യ ഉദാരമതികളെന്ന ഒഴിയാബാധ യഥാര്‍ത്ഥ പീഡിതരില്‍ നിന്നും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പോലെ ഒരു കാലത്തും പ്രായോഗികമായി നിലവില്‍ വന്നു കണ്ടിട്ടില്ലാത്ത കമ്മ്യൂണിസത്തിന്‍റെ യാതൊരു വിധത്തിലുള്ള വകഭേദത്തെയും സിസേക്ക് ന്യായീകരിക്കാതിരിക്കുമ്പോള്‍ തന്നെ വിപ്ലവാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് ഒരു “സങ്കീര്‍ണ്ണ മാര്‍ക്സിസ്റ്” എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന ഒരു നിലപാടില്‍ അദ്ദേഹം സ്വയം നില കൊള്ളുന്നു.




തത്വചിന്തയുടെ ബോററ്റ്
“ഹിറ്റ്ലറിനുണ്ടായിരുന്ന പ്രശ്നം അയാള്‍ വേണ്ടത്ര അക്രമകാരിയായിരുന്നില്ലെന്നതാണ്” അല്ലെങ്കില്‍ “ഞാന്‍ ഒരു മനുഷ്യനല്ല. ഞാന്‍ ഒരു രാക്ഷസനാണ്” തുടങ്ങിയ അദ്ദേഹത്തിന്‍റെ പ്രകോപനപരമായ പ്രസ്താവനകള്‍ തെരഞ്ഞെടുത്തുദ്ധരിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഒരു നിരൂപകന്‍ അദ്ദേഹത്തെ ‘തത്വചിന്തയുടെ ബോററ്റ്‘ ആയാണ് വിശേഷിപ്പിക്കുന്നത്.
ചിലര്‍ വെറുമൊരു വിവാദാന്വേഷിയാക്കി തള്ളിക്കളയുമ്പോള്‍ മറ്റു ചിലര്‍ നവമാര്‍ക്സിസ്റ് സമഗ്രാധിപത്യവാദത്തിന്റെ ഒരു മുന്‍നിരപ്പോരാളിയായി അദ്ദേഹത്തെ ഭയപ്പെടുന്നു. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത് മുതല്‍ അദ്ദേഹം ആ രംഗത്തെ ഒരു പ്രശസ്തനെന്ന് ഘോഷിക്കപ്പെടുകയും ബുദ്ധിജീവിയെന്ന നിലയിലും പ്രതിഭയെന്ന നിലയിലും അന്ധമായി പിന്‍പറ്റുന്ന വലിയൊരു ആരാധകവൃന്ദത്തെ ആകര്‍ഷിച്ചെടുത്ത് അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്തു. ആ ജനപ്രീതി സന്തോഷം പകരുന്ന ഒരു തരം വിരോധാഭാസം തന്നെയാണ്. കാരണം, അതദ്ദേഹത്തിന് അനുകൂലമായിരുന്നില്ലെങ്കില്‍ മൌനം പൂണ്ടിരിക്കുകയായിരിക്കും ഭേദമെന്ന് അദ്ദേഹം പറയുന്നു.



മാനവികത. അതെ, അത് തരക്കേടില്ല
അദ്ദേഹം നിങ്ങള്‍ക്ക് നല്‍കുന്ന ഊഷ്മളമായ സ്വീകരണവും മാന്യമായ പെരുമാറ്റവും ഒരു നല്ല അഭിപ്രായമാണ് അദ്ദേഹത്തെക്കുറിച്ച് നിങ്ങളില്‍ ഉണ്ടാക്കുകയെങ്കിലും തന്‍റെ ഉദ്ദേശ്യം ഉള്ളിലുള്ള വിദ്വേഷം മറച്ചു പിടിച്ചു കബളിപ്പിക്കല്‍ മാത്രമാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ധൃതിപ്പെടുന്നു. “എന്നെ സംബന്ധിച്ചേടത്തോളം നരകം എന്നാല്‍ അമേരിക്കന്‍ രീതിയിലുള്ള പാര്‍ട്ടികളാണ്. അല്ലെങ്കില്‍, അവരെന്നോട് ഒരു സംവാദത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും സംവാദത്തിനു ശേഷം ഒരു ചെറിയ സ്വീകരണം ഉണ്ടാവുമെന്നോ മറ്റോ പറയുകയും ചെയ്യുമ്പോള്‍ ഞാന്‍ ഉറപ്പിക്കുന്നു അത് തന്നെയാണ് യഥാര്‍ത്ഥ നരകമെന്ന് .
അതായത്, സംവാദത്തില്‍ ഒരു ചോദ്യം പോലും ചോദിക്കാന്‍ കഴിയാതെ നിരാശ പൂണ്ട എല്ലാ മൂഢന്മാരും അവസാനം അടുത്ത് വരുന്നു. എന്നിട്ട് പതിവ് ശൈലിയില്‍ ചോദ്യമാരംഭിക്കും: ‘പ്രൊഫസര്‍ സിസേക്ക്, താങ്കള്‍ ക്ഷീണിതനാണെന്നറിയാം, എന്നാലും….’ .
“വിഡ്ഢികള്‍. ക്ഷീണിതനാണെന്നറിയാമെങ്കില്‍ പിന്നെ എന്തിനാണങ്ങനെ ചോദിക്കുന്നത്? ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്റാലിനിസ്റ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഉല്‍പ്പത്തിഷ്ണുക്കള്‍ സമഗ്രാധിപത്യവാദികളോട് തങ്ങള്‍ മാനവികത ഇഷ്ടപ്പെടുന്നവരാണെന്ന് എപ്പോഴും പറയും. എന്നാല്‍ ആ പറയുന്ന പോലെ അവര്‍ക്ക് സാധാരണ മനുഷ്യരോട് വല്ല സഹാനുഭൂതിയും ഉണ്ടോ? ഇല്ലല്ലോ? ശരിയാണ്. ആ നിലപാടാണെനിക്ക് നന്നായി ചേരുക. മാനവികത. അതെ, അത് തരക്കേടില്ല. കുറെ വായില്‍ ഒതുങ്ങാത്ത വാചകമടിയും പിന്നെ കുറച്ചു മഹത്തായ കലകളും മതിയല്ലോ. മറിച്ച് സാധാരണ മനുഷ്യരുടെ പിന്നാലെയാണെങ്കിലോ? അവര്‍ 99 ശതമാനവും വെറും ബോറന്മാരായ മന്ദബുദ്ധികളല്ലേ. ”



വിദ്യാര്‍ത്ഥികളെ സഹിക്കാനാവില്ല
എന്നാല്‍ അദ്ദേഹത്തിന് വിദ്യാര്‍ത്ഥികളെ സഹിക്കാനാവില്ലെന്നതാണ് കൂടുതല്‍ രസകരമായ സംഗതി. “ഒരിക്കല്‍ അമേരിക്കയില്‍ വെച്ച് ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോള്‍ -ആ പണിക്ക് ഇനി ഒരിക്കലും എന്നെ കിട്ടില്ല- ഒരു വിദ്യാര്‍ത്ഥി എന്‍റെയടുത്തേക്ക് വന്നു പറഞ്ഞു: ‘പ്രൊഫസര്‍, താങ്കള്‍ ഇന്നലെ പറഞ്ഞത് എനിക്ക് ശരിക്കും ബോധിച്ചിട്ടുണ്ടെങ്കിലും എനിക്ക് തോന്നുന്നത് എന്‍റെ പേപ്പര്‍ എന്തായിരിക്കണമെന്നതിനെക്കുറിച്ച് പോലും എനിക്കറിയില്ലെന്നാണ്. താങ്കള്‍ ദയവായി കുറച്ചു കൂടി ചിന്തകള്‍ പങ്കു വെക്കാമോ? എങ്കില്‍ ചിലപ്പോള്‍ എന്തെങ്കിലും ആശയം തോന്നാതിരിക്കില്ല.’ ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നാശം പിടിച്ചവന്‍. ഞാനെന്തിന് അതൊക്കെ ചെയ്തു കൊടുക്കണം? ”

സിസേക്കിന് യൂറോപ്പിലും അമേരിക്കയിലും ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ മിക്ക അധ്യാപക ജോലികളും ഇത്തരം ശല്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി കയ്യൊഴിയേണ്ടി വന്നിട്ടുണ്ട്. “പ്രത്യേകിച്ചും അവര്‍ വ്യക്തിപരമായ പ്രശ്നങ്ങളുമായി എന്നെ സമീപിക്കുമ്പോഴാണ് എനിക്ക് വെറുപ്പ് തോന്നാറുള്ളത്. എന്റെ നിലപാട് എന്താണെന്ന് ചോദിച്ചാല്‍, എന്നെ നോക്കുക, എന്‍റെ പേശീ ചലനങ്ങള്‍ ശ്രദ്ധിക്കുക, ഞാന്‍ ഭ്രാന്തനാണെന്നത് നിങ്ങള്‍ കാണുന്നില്ലേ? വെറുമൊരു ഭ്രാന്തനായ എന്നോട് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ സഹായം ആവശ്യപ്പെടുന്നത് പോയിട്ട് അപ്രകാരം ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?” ഈ പറഞ്ഞതിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തെ ഈയവസരത്തില്‍ കണ്ടാല്‍ വ്യക്തമാവും.

അക്ഷരാര്‍ത്ഥത്തില്‍ തന്നെ, മണം പിടിക്കുകയും വലിക്കുകയും ഗോഷ്ടി കാണിക്കുകയും വന്യമായി മുഖം മാന്തിക്കീറാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കരടിയെപ്പോലെ ശരിക്കും ഭീഭത്സമായ രൂപത്തിലാണ് സിസേക്ക് ഇപ്പോള്‍. “എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ല! അവരിപ്പോഴും എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നു. എന്നിട്ടും ഞാനത് വെറുക്കാന്‍ കാരണം മറ്റൊന്നുമല്ല. അമേരിക്കന്‍ സമൂഹത്തെക്കുറിച്ചാണെങ്കില്‍ എനിക്ക് ഇഷ്ടപ്പെടാത്തത് ലൈംഗിക കാര്യങ്ങളിലുള്ള അവരുടെ തുറന്ന സമീപനമാണ്. ഒന്നാമത്തെ കാഴ്ചയില്‍ തന്നെ തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ച് മറ്റൊരാളോട് തുറന്നു പറയാന്‍ മടിക്കാത്ത സമീപനം. എനിക്കത് വെറുപ്പാണ്. കഠിനമായ വെറുപ്പ്. ”
എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സിസേക്ക് തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇത് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച തന്നെയാണല്ലോ. “സമ്മതപ്രകാരമുള്ള ബലാല്‍സംഗം” എന്നദ്ദേഹം വിശേഷിപ്പിക്കുന്ന ഒരു കാര്യം ചെയ്യാന്‍ എപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്ന ഒരു മുന്‍ കാമുകിയെക്കുറിച്ച് മുകള്‍നിലയിലേക്കുള്ള ലിഫ്റ്റില്‍ വെച്ച് അദ്ദേഹം വാചാലനായി. ഹെഗേലിനെക്കുറിച്ചുള്ള തന്‍റെ പുതിയ പുസ്തകത്തെക്കുറിച്ചാകും അദ്ദേഹത്തിനെന്നോട് സംസാരിക്കാനുണ്ടായിരുന്നതെന്നാണ് ഞാന്‍ കരുതിയിരുന്നതെങ്കിലും അദ്ദേഹത്തിന് പറയാനുള്ളത് മുഴുവനും ലൈംഗികതയെക്കുറിച്ച് മാത്രമായിരുന്നു.




ഞാനിവിടെയൊരു തീവ്ര വികാരജീവിയാണ്.

“ശരിയാണ്. കാരണം ഞാനിവിടെയൊരു തീവ്ര വികാരജീവിയാണ്. ലൈംഗികതയെ പ്രയോഗവല്‍ക്കരിക്കുന്നത് അനുവദനീയമാക്കിക്കൊണ്ടുള്ള ഉത്തരാധുനികമായ പെരുമാറ്റരീതിയാണ് ഞാന്‍ ഭയപ്പെടുന്നത്. അത് ഭയാനകം തന്നെയാണ്. ലൈംഗികത ആരോഗ്യകരമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അത് ആനന്ദദായകമാണെന്നും ഹൃദയത്തിനും രക്തചംക്രമണത്തിനും നല്ലതാണെന്നും പറയുന്നതോടൊപ്പം തന്നെ വെറും ചുംബനം പോലും നമ്മുടെ മസിലുകള്‍ക്ക് ഉത്തേജനം നല്കുമെന്ന് വരെ അവര്‍ പറഞ്ഞു കളഞ്ഞു. ദൈവമേ, അത്യന്തം ഭയാനകം തന്നെയാണത്!” ലൈംഗിക പങ്കാളികളെ “പുറം കരാറുകള്‍” മുഖേന സ്വീകരിക്കുക വഴി പ്രണയബന്ധത്തിലുണ്ടാവുന്ന ബാധ്യതകളില്‍ നിന്നും മോചനം നേടാമെന്ന ഡേറ്റിംഗ് ഏജന്‍സികളുടെ വാഗ്ദാനം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തുന്നു. “അത് വെറും ആസക്തി മാത്രമാണ്. ഒരിക്കലും ശാശ്വതമാവില്ല. പ്രണയത്തിന്‍റെ ഭാഗമായുള്ള ലൈംഗികതയെ ഞാന്‍ ഇഷ്ടപ്പെടുന്നു. നിനക്കറിയാമോ, നിന്നെ എന്നും ഭോഗിക്കാനാണെങ്കില്‍ എന്‍റെ അമ്മയെ അടിമയാക്കി വില്‍ക്കാന്‍ പോലും ഞാന്‍ സന്നദ്ധനാണ്. വിസ്മയകരമായ പലതും അതിലുണ്ട്. അതെ, ഒരിക്കലും സുഖപ്പെടുത്താനാവാത്ത ഒരു വികാരജീവി തന്നെയായിരിക്കും ഞാനെപ്പോഴും.”

ഒരു ചോദ്യം ഉന്നയിച്ച് ഇടപെടാന്‍ ഞാന്‍ ആലോചിക്കുമ്പോഴോക്കെയും അദ്ദേഹം കാട് കയറിക്കൊണ്ടിരിക്കുക തന്നെയാണ്. “എനിക്ക് ചില വിചിത്രമായ പരിമിതികളാണുള്ളത്. സ്ത്രീ ആവശ്യപ്പെട്ടാല്‍ പോലും എനിക്കൊരിക്കലും ഗുദഭോഗം ചെയ്യാന്‍ കഴിയില്ല. കാരണം അതവള്‍ക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്നെ സുഖിപ്പിക്കാന്‍ വേണ്ടി അവള്‍ അത് ഇഷ്ടമാണെന്ന് അഭിനയിക്കുകയാണെങ്കിലോ എന്ന സന്ദേഹം എനിക്കെപ്പോഴും ഉണ്ടായിരുന്നു. വദനസുരതത്തിന്‍റെ കാര്യവും അങ്ങനെത്തന്നെ.  അവള്‍ വെറുതെ അഭിനയിക്കുകയാണെങ്കിലോ? ”



പ്രണയം ഇല്ലെന്നു മാത്രമല്ല, ഒരിക്കലും പ്രണയിച്ചിട്ടുമില്ലെന്നാണ് എന്‍റെ വിശ്വാസം
വിരലിലെണ്ണാവുന്ന സ്ത്രീകളോടോത്ത് മാത്രമാണ് അദ്ദേഹം കിടപ്പറ പങ്കിട്ടിട്ടുള്ളത്. കാരണം അതദ്ദേഹത്തിന് വളരെ മനോവിഷമമുണ്ടാക്കുന്ന കാര്യമാണ്. “ഒറ്റ രാത്രിക്കു വേണ്ടി മാത്രമുള്ള ലൈംഗികബന്ധം എനിക്ക് സാധ്യമല്ല. അങ്ങനെ ചെയ്യാന്‍ കഴിയുന്നവരോട് എനിക്ക് അസൂയയാണ് തോന്നുന്നത്. ‘അത് വളരെ രസകരമായിരിക്കും, എനിക്കത് നല്ലതാണെന്നാണ് തോന്നുന്നത്, വരൂ നമുക്കൊരു കൈ നോക്കി വരാം’ എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ചേടത്തോളം വളരെ പരിഹാസ്യമായ പ്രസ്താവനയാണ്. കാരണം, മറ്റൊരാളുടെ മുന്നില്‍ നഗ്നനായി നില്‍ക്കുമ്പോള്‍ നമ്മുടെ ശരീര ഘടനയെക്കുറിച്ച് പരിഹാസ്യമായ എന്തെങ്കിലും അഭിപ്രായം അവര്‍ എഴുന്നള്ളിച്ചാല്‍ പിന്നെ സ്വസ്ഥത നശിക്കാന്‍ കൂടുതലെന്തു വേണം.” കൂടാതെ എന്നും കൂടെയുണ്ടാവുമെന്നുറപ്പില്ലാത്ത ഒരാളുടെ കൂടെയും അദ്ദേഹത്തിന് അന്തിയുറങ്ങാന്‍ സാധ്യമല്ല. “എന്‍റെ എല്ലാ ബന്ധങ്ങളും ഈ സ്ഥിരതയുടെ കാഴ്ചപ്പാടില്‍ അളന്നാണ് നശിച്ചു പോയത്. എന്‍റെ കിടപ്പറ പങ്കിട്ടവരുടെ എണ്ണം ഇത്ര പരിമിതമായിപ്പോയതും അത് കൊണ്ട് തന്നെയാണ്. പ്രസ്തുത വിലക്ഷണമായ കാഴ്ചപ്പാട് കൊണ്ട് ഞാനുദ്ദേശിക്കുന്നതും അത് തന്നെ”.
എങ്കിലും സിസേക്ക് മൂന്നു തവണ വിവാഹ മോചനം ചെയ്യപ്പെട്ടിട്ടുണ്ട്. അതെങ്ങനെയായിരിക്കും അദ്ദേഹം തരണം ചെയ്തത്? “ങാ, ഞാന്‍ പറഞ്ഞു തരാം. യുവാവായ മാര്‍ക്സിനെ അറിയില്ലേ, ഞാന്‍ മാര്‍ക്സിനെ ആദര്‍ശവല്‍ക്കരിക്കുകയല്ല, അദ്ദേഹം വ്യക്തിപരമായി ഒരു വഷളനായിരുന്നു എങ്കിലും അദ്ദേഹത്തിന് അദ്ഭുതകരമായ വാദങ്ങള്‍ ഉണ്ട്. അദ്ദേഹം പറയുന്നു. : ‘നിങ്ങള്‍ വെറുതെ വിവാഹബന്ധം വേര്‍പ്പെടുത്തരുത്. ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന സ്നേഹം ഒരിക്കലും ആത്മാര്‍ത്ഥമായിരുന്നില്ലെന്ന് സ്ഥാപിച്ചെടുക്കുകയാണ് വിവാഹമോചനത്തിലൂടെ ചെയ്യുന്നത്’. സ്നേഹം ഇല്ലാതാവുമ്പോള്‍ മുമ്പുണ്ടായിരുന്നത് വെറും കപടസ്നേഹമായിരുന്നുവെന്നുമാണ് വ്യക്തമാവുന്നത്.” അതാണോ സിസേക്ക് ചെയ്തത്? “അതെ! ഞാനത് മുഴുവനായി മായ്ച്ചു കളയുന്നു. എനിക്കിപ്പോള്‍ പ്രണയം ഇല്ലെന്നു മാത്രമല്ല, ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടുമില്ലെന്നാണ് എന്‍റെ വിശ്വാസം.
ഇത് തെളിയിക്കാനെന്ന വണ്ണം അദ്ദേഹം വാച്ചിലേക്ക് നോക്കുന്നു. തൊട്ടടുത്ത് താമസിക്കുന്ന അദ്ദേഹത്തിന്‍റെ 12 വയസ്സുള്ള മകന്‍ ഇപ്പോഴെത്തും. അവനിവിടെ വന്നാല്‍പ്പിന്നെ ഈ സംസാരം എങ്ങനെ നടക്കും? വിഷമിക്കേണ്ട, സിസേക്ക് പറഞ്ഞു. അവന്‍ വൈകാനാണ് സാധ്യത. അവന്‍റെ അമ്മ അത്ര അലസയാണ്: “എന്‍റെ ഭാര്യയാണെന്നവകാശപ്പെടുന്ന ദുഷ്ട.” അപ്പോള്‍ അവരെ വിവാഹം ചെയ്തിട്ടില്ലേ? “ദൗര്‍‍ഭാഗ്യകരമെന്നു പറയട്ടെ, അതും ചെയ്തിട്ടുണ്ട്”.
സിസേക്കിന് രണ്ട് ആണ്‍മക്കളാണുള്ളത്. മറ്റെയാള്‍ക്ക് മുപ്പതു വയസ്സായി. എങ്കിലും സിസേക്കിന് ഒരിക്കലും ഒരു രക്ഷിതാവാകണമെന്ന താല്‍പ്പര്യമില്ല. “പിന്നെ ഞാനെന്തു കൊണ്ടാണ് എന്‍റെ രണ്ടു പുത്രന്മാരെയും സ്നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ അതെന്‍റെ മനോവിശാലതയും സഹാനുഭൂതിയുമാണ് കാണിക്കുന്നത്. ആരെങ്കിലും ഉപദ്രവിക്കപ്പെടുന്നതായോ അരക്ഷിതാവസ്ഥയില്‍പ്പെട്ടതായോ കണ്ടാല്‍ എനിക്ക് ഉള്ളിലുള്ള ആ നല്ല വികാരങ്ങളെ തടഞ്ഞു നിര്‍ത്താനാവില്ല. കൂടുതല്‍ വ്യക്തമാക്കിപ്പറഞ്ഞാല്‍ മകനെ എനിക്ക് മുഴുവനായി വേണ്ടെങ്കിലും പ്രസ്തുത വികാരങ്ങള്‍ എന്നിലുള്ളത് മൂലം ഞാന്‍ അവനെ വളരെയധികം സ്നേഹിക്കുന്നു.



ഞാന്‍ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.

ഹെഗേലിനെക്കുറിച്ചുള്ള സിസേക്കിന്‍റെ Less Than Nothing: Hegel and the Shadow of Dialectical Materialism എന്ന പുതിയ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പരിസരത്തൊന്നും ഞങ്ങള്‍ എത്താന്‍ പോകുന്നില്ലെന്ന് ഇതിനകം എനിക്ക് മനസ്സിലായി. പകരം, മകനോടൊപ്പം ചെലവഴിച്ച അവധിക്കാലങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി. അവസാനത്തേത് ദുബായിലെ ആഡംബരങ്ങളുടെ പറുദീസയായ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ ആയിരുന്നു. “എന്ത് കൊണ്ട്, എന്ത് കൊണ്ട്? ഞാന്‍ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും മാര്‍ക്സിയന്‍ എന്ന നിലയിലുള്ള എന്‍റെ കര്‍ത്തവ്യം ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്. ഞാനും മകനും അവിടത്തെ ഒരു പാക്കിസ്ഥാനി ടാക്സി ഡ്രെെവറുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവിടത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അയാള്‍ ഞങ്ങള്‍ക്ക് കാണിച്ച് തരികയും ചെയ്തു. അവിടത്തെ തൊഴിലാളികളുടെ ജീവിത രീതികളും അവര്‍ എങ്ങനെ നിയന്ത്രിക്കപ്പെടുന്നുവെന്നും വിവരിച്ചു കേട്ടപ്പോള്‍ മകന്‍ ശരിക്കും ഭയന്ന് പോയി. ”
ഈ മധ്യവേനലില്‍ അവര്‍ ലക്ഷ്യമിടുന്നത് 50 നിലകളുള്ള അംബര ചുംബികളുടെ മുകള്‍നിലകളില്‍ പോലും സ്വിമ്മിംഗ് പൂളുകള്‍ ഉള്ള സിങ്കപ്പൂരെന്ന കൃത്രിമ ദ്വീപിലേക്ക് പോകാനാണ്. “അവിടെ ഞങ്ങള്‍ക്ക് സ്വിമ്മിംഗ് പൂളില്‍ നീന്തിക്കൊണ്ട് തന്നെ താഴെയുള്ള നഗരം കണ്ടാസ്വദിക്കാം. ‘ഹാ ഹാ കിടിലന്‍.’ അതാണെനിക്ക് വേണ്ടത്. ശരിക്കും ഭ്രാന്തന്‍ കാര്യങ്ങള്‍.” മകന്‍ കുഞ്ഞായിരുന്നപ്പോള്‍ അവയൊന്നും അത്ര ആസ്വാദ്യകരമായിരുന്നില്ല. “പക്ഷെ ഇപ്പോള്‍, ഞങ്ങള്‍ തമ്മില്‍ കുറെ മനപ്പൊരുത്തം രൂപപ്പെട്ടിട്ടുണ്ട്. ഒരു മണി വരെ ഞങ്ങള്‍ ഉറങ്ങും. ഉണര്‍ന്ന് ഭക്ഷണം കഴിക്കും. ശേഷം നഗരത്തിലേക്കിറങ്ങും. ചുറ്റിക്കറങ്ങിയിട്ട് അത്താഴം കഴിക്കും. പിന്നെ സിനിമക്ക് തീയേറ്ററിലേക്ക് പോകും. മൂന്നു മണി വരെ ഗെയിമുകള്‍ കളിച്ചിരിക്കും. സാംസ്ക്കാരികമായി ഒന്നുമില്ലാത്ത കുറെ മടയത്തരങ്ങളും സുഖഭോഗങ്ങളും മാത്രം.



എന്നെപ്പോലുള്ളവരുടെ കടമ മറുപടി പറയലല്ല, ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കലാണ്

സിസേക്കിന്‍റെ ആത്മാര്‍ത്ഥതയുള്ള ആരാധകര്‍ ഇതേക്കുറിച്ച് എന്ത് പറയുമെന്നറിയാന്‍ എനിക്ക് കൌതുകമുണ്ട്. കൂടുതല്‍ ഗൌരവമായതൊന്നും അദ്ദേഹത്തെക്കുറിച്ച് പറയാത്തതെന്ത് എന്ന അവരുടെ മറുചോദ്യവും ഞാന്‍ ഉത്കണ്ഠയോടെ പ്രതീക്ഷിക്കുന്നു. പക്ഷെ, സിസേക്കിനെ സംബന്ധിച്ചേടത്തോളം സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഒരു സംവാദത്തിന് നല്‍കാന്‍ കഴിയുന്നത്ര തന്നെ ലോകത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ദുബായ് നഗരത്തിനും നമ്മോടു പറയാന്‍ കഴിയുമെന്നാണ്. അദ്ദേഹത്തിന്‍റെ സുമുഖനും നിഷ്കളങ്കനുമായ മകന്‍ എത്തിയപ്പോള്‍ സംഭാഷണം സാമ്പത്തിക പ്രതിസന്ധിയിലേക്കും അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ പ്രശ്നത്തിന് യുക്തിപൂര്‍വമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കേണ്ട കടമയിലേക്കും ഞാന്‍ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു.

“ഞാന്‍ എപ്പോഴും പറയാറുള്ള പോലെ, എന്നില്‍ നിന്നത് പ്രതീക്ഷിക്കരുത്. ഒരു സമ്പൂര്‍ണ്ണ പ്രശ്നപരിഹാരവിധിയാണ് എന്നെപ്പോലുള്ള ഒരാളുടെ കര്‍ത്തവ്യമെന്നു ഞാന്‍ കരുതുന്നില്ല. ഇനിയെന്ത് ചെയ്താലാണ് സമ്പദ് വ്യവ്യസ്ഥ രക്ഷപ്പെടുകയെന്നു ജനങ്ങള്‍ എന്നോട് ചോദിച്ചാല്‍ എനിക്കെന്തു കുന്തമാണ് അറിയുക. എന്നെപ്പോലുള്ളവരുടെ കടമ മറുപടി പറയലല്ല, മറിച്ച് ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കലാണെന്നാണ് ഞാന്‍ കരുതുന്നത്.”
അദ്ദേഹം ജനാധിപത്യത്തിനെതിരല്ല. എങ്കിലും ആഗോള മുതലാളിത്ത വ്യവസ്ഥിതിയെ നിയന്ത്രിക്കാന്‍ മാത്രമൊന്നും നമ്മുടെ ജനാധിപത്യസ്ഥാപനങ്ങള്‍ കരുത്താര്‍ജ്ജിച്ചിട്ടില്ലെന്നാണ് അദ്ദേഹം സ്വയം വിശ്വസിക്കുന്നത്. “പൊതുജനസമ്മതപ്രകാരം പുരോഗതിക്കു വേണ്ടിയുള്ള പരിഷ്കാരങ്ങള്‍ ചിലപ്പോള്‍ തദ്ദേശീയമായെങ്കിലും ഫലം ചെയ്തേക്കാം.” എന്നാല്‍ തദ്ദേശീയതയുടെ സ്ഥാനവും ജൈവ ആപ്പിളിന്റെ അതേ കാറ്റഗറിയില്‍ തന്നെയാണ് . പഴയപല്ലവി വീണ്ടും: ” അങ്ങനെ ചെയ്താല്‍ നമുക്ക് ഒരു സംതൃപ്തി വരുമെന്നേയുള്ളൂ. ഇന്നത്തെ വലിയ ചോദ്യം ആഗോള തലത്തില്‍ എങ്ങനെയാണ് ഈ വക കാര്യങ്ങള്‍ സംഘടിപ്പിക്കുന്നത് എന്നാണ്. അതി ബൃഹത്തായ രീതിയില്‍ അന്താരാഷ്ടാതലത്തില്‍ കാര്യങ്ങള്‍ എത്തുമ്പോള്‍ നിലവിലുള്ള ഭരണവ്യവസ്ഥകള്‍ പിന്‍വാങ്ങാതെ അതെങ്ങനെ സാധ്യമാകും. ”



ഞാന്‍ ശുഭാപ്തിവിശ്വാസിയുമാണ്

അതെങ്ങനെയാണ് സംഭവിക്കുക? “അപകടകരമായ ഒരു ഘട്ടത്തെയാണ് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നതിനാല്‍ എനിക്ക് അശുഭപ്രതീക്ഷയാണുള്ളത്. എന്നാല്‍ അതേ കാരണം കൊണ്ട് തന്നെ ഞാന്‍ ശുഭാപ്തിവിശ്വാസിയുമാണ്. അശുഭപ്രതീക്ഷക്കു കാരണം കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു എന്നതാണെങ്കില്‍ ശുഭാപ്തിവിശ്വാസത്തിനു കാരണം ഇങ്ങനെയൊരവസ്ഥയില്‍ ഒരു മാറ്റത്തിന് സാധ്യത ഏറെയാണ് എന്നതുമാണ്.” അതുപോലെ ഏതെല്ലാം അവസരങ്ങളിലാണ് കാര്യങ്ങള്‍ക്ക് മാറ്റം വരാതിരിക്കുക? “ങാ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ പതിയെ ഒരു പുതിയ പ്രമാണിവര്‍ഗ മേധാവിത്വ സമൂഹത്തിലേക്കാണ് നയിക്കപ്പെടുക. ഇത് പക്ഷെ, ഒരിക്കലും മുമ്പുണ്ടായിരുന്ന തരത്തിലുള്ള വൃത്തികെട്ട ഒരു മേധാവിത്വമായിരിക്കില്ല. ഉപഭോഗസംസ്ക്കാരത്തില്‍ അധിഷ്ഠിതമായ ഒരു പുതിയ രൂപത്തില്‍ ആയിരിക്കും.” മുഴുലോകവും ദുബായ് പോലെയാവുമെന്നാണോ? “അതെ, ദുബായില്‍ മറ്റൊരു വശത്ത് അക്ഷരാര്‍ത്ഥത്തില്‍ അടിമകളാണുള്ളത് ”



ഒരിക്കലും എന്നെ കോമാളിയാക്കി അവതരിപ്പിക്കരുത്

സിസേക്കിന്‍റെ കുസൃതി നിറഞ്ഞ വീമ്പുപറച്ചിലുകളിലെല്ലാം ഹൃദയസ്പര്‍ശിയായ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന് അടങ്ങിയിട്ടുണ്ട്. ഇഷ്ടപ്പെടുന്ന പ്രകൃതമുള്ള ഒരാളായിട്ട് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കരുതിയിരുന്നില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം സന്തോഷം പകരുന്ന നല്ലൊരു സുഹൃത്താണ്. അദ്ദേഹം ഒരു ഭ്രാന്തനാണോ പ്രതിഭയാണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഞാനിപ്പോഴും ചിന്താക്കുഴപ്പത്തില്‍ തന്നെയാണ്. ഏത് വിധത്തിലാണ് ഞങ്ങള്‍ അദ്ദേഹത്തെ അവതരിപ്പിക്കേണ്ടതെന്ന എന്‍റെ ചോദ്യത്തിന് തന്നെ ഒരിക്കലും ഒരു കോമാളിയാക്കി അവതരിപ്പിക്കരുതെന്നദ്ദേഹം നിര്‍ദ്ദേശിച്ചു. “അധികമാളുകളും കരുതുന്നത് ഞാന്‍ തമാശ കാണിച്ച് പൊലിപ്പിക്കുകയാണെന്നാണ്. എന്നാല്‍ അതങ്ങനെയല്ല. ഞാന്‍ ആദ്യം തമാശ പറയുകയും പിന്നീട് ഗൌരവമായ കാര്യങ്ങള്‍ പറയുകയുമാണ് ചെയ്യുന്നത്. തമാശ രൂപത്തില്‍ ഗൌരവമായ കാര്യങ്ങള്‍ അവതരിപ്പിക്കാനുളളതല്ലേ കല എന്ന് പറയുന്നത്.”
രണ്ടു വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ മുന്‍പല്ലുകള്‍ കൊഴിഞ്ഞു പോയി. “എനിക്കൊരു നല്ല സുഹൃത്തുള്ള കാര്യം എന്‍റെ മകനറിയാം. സുഹൃത്തോ ഞാനോ സ്വവര്‍ഗപ്രേമിയല്ല. നല്ല സുഹൃത്തുക്കള്‍ മാത്രം. സുഹൃത്ത് എന്നെ പല്ലുകളില്ലാതെ കണ്ടപ്പോള്‍ പറഞ്ഞു: ‘എന്ത് കൊണ്ടാണെന്നെനിക്കറിയാം.’ പത്തു വയസുളള നിന്‍റെ മകന്‍ എന്നോടെന്താണ് പറഞ്ഞതെന്നറിയാമോ? ആലോചിച്ചു നോക്ക്, കുറച്ച് അശ്ലീലമായിത്തന്നെ.” എനിക്ക് ഊഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. എന്‍റെ പല്ലുകള്‍ ആ രൂപത്തിലാണെന്ന് അവന്‍ എന്‍റെ സുഹൃത്തിനോട് പരാതിപ്പെട്ടത്രേ.” സിസേക്ക് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുകയാണ്. പിതൃത്വത്തില്‍ അഭിമാനിച്ചുകൊണ്ടുള്ള പൊട്ടിച്ചിരി.
“എന്നാല്‍ അതിലെ ട്രാജികോമിക് അതൊന്നുമായിരുന്നില്ല. അവസാനം അവന്‍ പറയുകയാണ്. ‘അച്ഛാ, ഞാനീ തമാശ അത്യാവശ്യം നന്നായിത്തന്നെ അവതരിപ്പിച്ചില്ലേ?’

26 February 2012

ഞങ്ങള്‍ക്കും വേണം താമസിക്കാനൊരിടം


     ഇന്ത്യാ മഹാരാജ്യത്തെ ഒരു കാട്ടില്‍ കൂട്ടത്തോടൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയാണ് ഞാന്‍. ചില സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലേക്ക് കടന്നു കയറി അവിടത്തെ കാര്‍ഷിക വിളകള്‍  വെട്ടി വിഴുങ്ങി നാശം വിതക്കാറുണ്ട്. പ്രതികാരമായി മനുഷ്യര്‍ ഞങ്ങളെ ആക്രമിക്കുകയും ഇരുഭാഗത്തും ജീവഹാനിയടക്കമുള്ള കഷ്ടനഷ്ടങ്ങള്‍ സംഭവിക്കാറുമുണ്ട്.

     പ്രകൃതി കനിഞ്ഞേകിയ ഞങ്ങളുടെ വാസസ്ഥലങ്ങള്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.  അതുമൂലം പട്ടിണിയുടെയും ദുരിതത്തിന്‍റെയും വക്കിലാണ് ഞങ്ങളുടെ ജീവിതം.  ജലസ്രോതസ്സുകള്‍ പലതും അതിദ്രുതം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് കൊണ്ട് ദേഹം നനയ്ക്കാന്‍ പോയിട്ട് ദാഹം ശമിപ്പിക്കാന്‍ പോലും ജലം ഞങ്ങള്‍ക്കൊരു സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. കാട് വിട്ട് നാട്ടിലേക്കിറങ്ങിയാല്‍ വന്യമൃഗങ്ങളെന്നും അപകടകാരികളെന്നും പറഞ്ഞ് മനുഷ്യര്‍ ഞങ്ങളെ തല്ലിക്കൊല്ലും. ചില മനുഷ്യരെപ്പോലെ ഞങ്ങള്‍ മറ്റു മൃഗങ്ങളെ കൊന്നു തിന്നുക പോലും ചെയ്യാറില്ല.  എന്നിട്ടും ഞങ്ങള്‍ വന്യമൃഗങ്ങളാണ് പോലും! എന്ത് മണ്ടത്തരമാണവര്‍ എഴുന്നള്ളിക്കുന്നത്!

     അതിനിടയില്‍ കൂനിന്മേല്‍ കുരുവെന്നോണമാണ് കാട്ടുകള്ളന്മാരുടെ ഭീഷണി. മോഹവിലയ്ക്ക് കൊമ്പുകള്‍ വിറ്റു പോകുന്നത് കൊണ്ട് ഞങ്ങള്‍ക്കിടയിലെ കൊമ്പന്‍മാര്‍ ധാരാളമായി വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അമ്മ പറയുന്നത് എനിക്കും വലുതായാല്‍ നെടുനീളന്‍ കൊമ്പുകള്‍ ഉണ്ടാകുമെന്നാണ്.  അങ്ങനെയെങ്കില്‍ ഞാനും വളരെയധികം സൂക്ഷിച്ചു നടക്കേണ്ടതായി വരും. കാട്ടുകൊള്ളക്കാര്‍ കൊന്നില്ലെങ്കില്‍പ്പോലും അവര്‍ എന്നെ പിടിച്ച് വല്ല സര്‍ക്കസ്സിലോ മൃഗശാലയിലോ പൂട്ടിയിടും.  അല്ലെങ്കില്‍ ഏതെങ്കിലും ക്ഷേത്രോത്സവങ്ങളില്‍ എഴുന്നള്ളിക്കുകയോ കൂറ്റന്‍ മരത്തടികള്‍ വലിപ്പിക്കുകയോ ചെയ്യും.

     മനുഷ്യര്‍ പറയുന്നത് ഒരു ആനക്ക് കാട്ടിലാണെങ്കില്‍ 60 വയസ്സ് വരെയും   നാട്ടിലാണെങ്കില്‍ 80 വയസ്സ് വരെയും ആയുസ്സുണ്ടെന്നാണ്.  എന്നാല്‍ പകുതിയോളം ആനകള്‍ പതിനഞ്ചു വയസ്സ് തികയുന്നതിനു മുമ്പ് തന്നെ ചെരിയുമെന്നും അഞ്ചിലൊരാന മാത്രമാണ് മുപ്പത് തികക്കുന്നതെന്നും അവര്‍ തന്നെ പറയുന്നു.  തീര്‍ച്ചയായും കാട് വളരെ അപകടം പിടിച്ച ഒരിടം തന്നെയാണ്!

     പ്രകൃതി ജീവിക്കാനനുവദിച്ച സ്ഥലങ്ങളില്‍ ഒരിക്കലും മനുഷ്യന്‍‍ ഒതുങ്ങി നില്‍ക്കാറില്ല.  സുഖസൗകര്യങ്ങള്‍ തേടി അവന്‍ ഭൂമി മുഴുവന്‍ കയ്യടക്കുകയാണ്.  അങ്ങനെയാകുമ്പോള്‍ ആനകള്‍ക്ക് എന്തുകൊണ്ട് കാട് വിട്ട് പട്ടണത്തിലേക്ക് വന്ന് മനുഷ്യരോടൊപ്പം സുഖമായി ജീവിച്ചുകൂടാ? എന്തിനധികം, മനുഷ്യരല്ലേ ഭൂമിയിലെ ഏറ്റവും നല്ല വിഭവദായകര്‍?  അപ്പോള്‍ അവര്‍ക്ക് ഞങ്ങളെ തീറ്റിപ്പോറ്റാനും നിഷ്പ്രയാസം കഴിയണമല്ലോ.  പട്ടി, പൂച്ച, കോഴി, പന്നി, ആട്, കുതിര തുടങ്ങിയവക്കെല്ലാം അവര്‍ കഴിക്കാന്‍ ഭക്ഷണവും താമസിക്കാന്‍ കൂടും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണവും നല്‍കുന്നുണ്ടല്ലോ.

     മനുഷ്യര്‍ അവയില്‍ച്ചിലതിനെ ഭക്ഷണമാക്കാറുണ്ടെന്നെനിക്കറിയാം. എങ്കിലും ദോഷം പറയരുതല്ലോ. എല്ലാറ്റിനെയും അവര്‍ തിന്നാറില്ല. ഞാന്‍ അദ്ധ്വാനിക്കാന്‍ തയാറുള്ള ഒരു നല്ല തൊഴിലാളിയായത് കൊണ്ട് അവര്‍ക്കെന്നെ കൊല്ലേണ്ടി വരില്ല.  എന്‍റെ കൊമ്പുകള്‍ വേണമെങ്കില്‍  കൊടുത്തേക്കാം.  വാല്‍ പറിച്ചെടുത്ത് വേണമെങ്കില്‍ കൗതുകവസ്തുക്കളും  ഉണ്ടാക്കിക്കൊള്ളട്ടെ.  എന്തായാലും തീരെ ചെറുതായത് കൊണ്ട് എനിക്കും കാര്യമായ ഉപകാരമൊന്നും ഈ വാലു കൊണ്ടില്ല.

     3500 BC മുതല്‍ക്കു തന്നെ ഇന്ത്യയില്‍ ആനകളെ മെരുക്കി വളര്‍ത്തിപ്പോരുന്നുണ്ട്.  ഞങ്ങളുടെ മുന്‍ഗാമികളായിരുന്ന കമ്പിളിരോമക്കാരായ മാമത്തുകളും രാക്ഷസരൂപികളായ മാസ്റ്റൊഡോണുകളും രണ്ടു കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മുതലേ ഇന്ത്യയില്‍ അലഞ്ഞു നടന്നിരുന്നു.  അങ്ങനെ ഏകദേശം പതിമുവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ്‌ അവയെല്ലാം മണ്ണടിഞ്ഞു പോയി.

     ഇപ്പോള്‍ ഞങ്ങളും വംശനാശഭീഷണിയിലാണ്. 1970 ല്‍ ലോകത്താകെ പതിനഞ്ചു ലക്ഷം കാട്ടാനകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ വെറും ആറര ലക്ഷമായി ചുരുങ്ങി. ഇന്ത്യയിലിപ്പോള്‍ ആനകളുടെ എണ്ണം കഷ്ടിച്ച്‌ മുപ്പതിനായിരമേ വരൂ. ഞങ്ങളുടെ കൂട്ടത്തിലെ മുതുമുത്തച്ഛനായ ഒരു കൊമ്പനാനയാണ് എനിക്കിതൊക്കെ പറഞ്ഞു തന്നത്.

     കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ 65 സസ്തനിവര്‍ഗങ്ങളാണ് വംശനാശം സംഭവിച്ച് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായത്. ഏഷ്യന്‍ സിംഹങ്ങള്‍ക്ക് സംഭവിച്ചത് കണ്ടില്ലേ? കാട്ടിലെ രാജാവെന്ന് വിളിക്കപ്പെട്ടിരുന്ന അവ ഇന്ത്യയിലെ എല്ലാ കാടുകളില്‍ നിന്നും അപ്രത്യക്ഷരായി ഇപ്പോള്‍ ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയിരിക്കുകയാണ്.  2010 ഏപ്രിലിലെ കണക്കനുസരിച്ച് ഗീര്‍ വനത്തിലും ഇപ്പോള്‍ വെറും 411 സിംഹങ്ങള്‍ മാത്രമേയുള്ളൂ.

     ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ലോകത്ത് ഒരു ലക്ഷവും ഇന്ത്യയില്‍ മാത്രം നാല്പ്പതിനായിരവും കടുവകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലോകത്ത്‌ ആറായിരത്തി ഇരുപതും ഇന്ത്യയില്‍ ആയിരത്തി നാന്നൂറ്റി ഒമ്പതും കടുവകള്‍ മാത്രമേയുള്ളൂവെന്നാണ് കണക്കുകള്‍ പറയുന്നത്.  ആനകളുടെ കാര്യം കുറച്ചു കൂടി മെച്ചമാണെങ്കിലും ആശങ്കയില്‍ത്തന്നെയാണ് ഞങ്ങളും.

     മനുഷ്യരുമായി സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞുപോന്നിട്ടുള്ള ജീവികള്‍ക്ക് മാത്രമാണ് ലോകത്ത് നിലനില്പ്പുണ്ടായിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. മനുഷ്യന്‍റെ മുന്‍ഗാമിയായ ഹോമോസാപ്പിയന്‍സിന്റെ കാലം തൊട്ടേ അതങ്ങനെയാണ്. പട്ടിയോടും പൂച്ചയോടുമൊക്കെ എനിക്കിപ്പോള്‍ അസൂയ തോന്നുകയാണ്. എന്ത് സുഖമാണവര്‍ക്ക്! ഒന്നും പേടിക്കാനില്ല. ഒരു ജോലിയും ചെയ്യേണ്ടതുമില്ല . മാത്രമോ, ഇഷ്ടം പോലെ ഭക്ഷണവും! ഒരു ആന‍ക്ക് സ്വപ്നം  കാണാന്‍ പോലും കഴിയാത്തത്ര അവകാശങ്ങളാണവക്കുള്ളത്.

     സസ്യാഹാരം മാത്രം ഭക്ഷിക്കാറുള്ള ഞങ്ങള്‍ക്ക് കുറച്ചു ഭക്ഷണമൊന്നും പോര വയറു നിറക്കാന്‍.  ഭൂമിക്ക് 680 കോടി മനുഷ്യരെയും മറ്റനേകം ജീവിവര്‍ഗങ്ങളെയും തീറ്റിപ്പോറ്റേണ്ട ബാധ്യതയുള്ളപ്പോള്‍ ഭക്ഷണപ്രിയരായ ഞങ്ങളുടെ നിലനില്‍പ്പിന് പിന്നെ എന്തര്‍ത്ഥമാണുള്ളത്. ഞങ്ങള്‍ക്ക് പുതിയൊരു വാസസ്ഥലം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യര്‍ ഞങ്ങളെ സംരക്ഷിക്കുമെന്നും ഭക്ഷണം കണ്ടെത്താന്‍ സഹായിക്കുമെന്നും ഞങ്ങള്‍ ഇനിയും വ്യാമോഹിക്കണോ? പണിയെടുത്ത് ജീവിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല. മനുഷ്യര്‍ പോലും അദ്ധ്വാനിക്കുന്നില്ലേ. പിന്നെ ഒരു ആനക്കെന്തുകൊണ്ട് അങ്ങനെ ആയിക്കൂട!

     മനുഷ്യരാല്‍ പിടിക്കപ്പെട്ട് കഴിയുന്നത്‌  വെറുപ്പുള്ള കാര്യമാണെങ്കിലും  എല്ലാ പാപ്പാന്മാരും  അല്‍പ്പം മനുഷ്യപ്പറ്റുള്ളവരാവുകയാണെങ്കില്‍ അവരോടൊത്തുള്ള ജീവിതം ഞങ്ങള്‍ക്ക് പരമാനന്ദദായകം തന്നെയായിരിക്കും. അങ്ങനെയാണെങ്കില്‍പ്പിന്നെ ഞങ്ങള്‍ വിളകള്‍ നശിപ്പിക്കാന്‍ വരികയോ മനുഷ്യരെ ആക്രമിക്കുകയോ ചെയ്യില്ല. ഉറപ്പ്‌!

ദി  ഹിന്ദുവില്‍ വന്ന We too need a home എന്ന ലേഖനം ലേഖികയുടെ അനുവാദത്തോടെ വിവര്‍ത്തനം ചെയ്തത്.
Picture from TravelPod

23 January 2012

മൂന്നു മിനിക്കഥകള്‍

മരണം

'എന്നോട് കളിക്കാന്‍ നില്‍ക്കല്ലേ.'  മരണത്തോടയാള്‍ പറഞ്ഞു. മരണം പേടിച്ച പോലെ പുറകോട്ടു മാറി.  വിജയഭാവത്തിലയാള്‍ തിരിഞ്ഞു നടന്നു. വീട്ടിലെത്തിയപ്പോള്‍ ഭാര്യയും കുട്ടികളും കണ്ട ഭാവം നടിച്ചില്ല.  സ്വീകരണ മുറിയിലെ ചുമരില്‍ തൂക്കിയ ചിത്രത്തിലുണ്ടായിരുന്ന അപ്പനും അമ്മയുമാണയാളെ നിറഞ്ഞ ചിരിയോടെ ഉമ്മറത്തിരുന്നു സ്വീകരിച്ചത്.

പ്രണയവും ദാമ്പത്യവും

പ്രണയം ദാമ്പത്യത്തോട്: നോക്കൂ എന്‍റെ കൂടെയായിരുന്നപ്പോള്‍‍ അവര്‍ എപ്പോഴും സുഗന്ധം പൂശുന്നവരും സൌന്ദര്യസംരക്ഷണത്തില്‍ ബദ്ധ ശ്രദ്ധരുമായിരുന്നു. അവരുടെ വാക്കുകള്‍ മധുരമൂറുന്നവയും കണ്ടിരുന്ന കാഴ്ചകള്‍ വശ്യമനോഹരങ്ങളുമായിരുന്നു. നിന്‍റെ കൂടെയായപ്പോള്‍ അവരുടെ സുഗന്ധവും മേനിയഴകും വാക്കുകളിലെ മാധുര്യവും നീ നശിപ്പിച്ചില്ലേ? നീ അവരെ കാണിക്കുന്ന കാഴ്ചകളാകട്ടെ ദുരിതം നിറഞ്ഞതും.

ദാമ്പത്യത്തിന്‍റെ മറുപടി : സ്വപ്നലോകത്തിന്‍റെ കാപട്യം നിറഞ്ഞ തടവറയില്‍ നിന്നും യഥാര്‍ത്ഥ ലോകത്തിന്‍റെ ആത്മാര്‍ത്ഥമായ വിശാലതയിലേക്ക് നയിക്കുകയായിരുന്നു ഞാനവരെ. നോക്കൂ, അവര്‍ക്കിപ്പോള്‍ ഉള്ളും പുറവും ഒന്നാണ്.

സെല്‍ഫ്‌ ഗോള്‍

അയാളുടെ മതചിഹ്നത്തിന്‍റെ അവഹേളിക്കപ്പെട്ട ചിത്രം ഫേസ്‌ബുക്കില്‍ കണ്ടു. താഴെ ആയിരക്കണക്കിന് കമന്‍റുകളും. വികാരവിക്ഷോഭം അയാളും ഒരു കമന്‍റിലൂടെ തീര്‍ത്തു. ആ കമന്‍റ് ഇട്ടതു കൊണ്ട് അയാളുടെ ആയിരം ഫ്രന്‍റ്സിനും ആ ചിത്രം ഷെയര്‍ ചെയ്തു പോയി. അയാളുടെ മതക്കാരായ ഓരോ
രുത്തരും ഓരോ കമന്‍റ് ഇടുകയും ആ മതത്തിന്‍റെ കോര്‍ട്ടിലേക്ക് സെല്‍ഫ്‌ ഗോളുകള്‍ തുരുതുരാ വന്നു കൊണ്ടിരിക്കുകയും ചെയ്തു.

01 January 2012

പ്രേതബാധ

06/01/2012 ന് ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്

      വണ്ണം കൂടിയ കൊമ്പ് വെട്ടിത്തുടങ്ങിയപ്പോള്‍ ആലിക്കോയ താഴേക്ക്‌ സൂക്ഷ്മമായി നോക്കി. 11 കെ വി വൈദ്യുത കമ്പികളാണ് തെക്ക് വശത്ത്. കിഴക്കും പടിഞ്ഞാറും ഓട് മേഞ്ഞ വീടുകളും. മുകളിലിരുന്ന് താഴേക്കു നോക്കുമ്പോള്‍ ചെറിയൊരു ഇടയേ കാണുന്നുള്ളൂ. ഉയരം കൂടി പടര്‍ന്നു പന്തലിച്ച മരമാണ്. കൊമ്പുകള്‍ മുറിച്ച് സൂക്ഷ്മതയോടെ താഴേക്കിറക്കിയില്ലെങ്കില്‍ അപകടമുറപ്പ്.  മുകളിലെ ശിഖരത്തിലേക്ക് എറിഞ്ഞു പിടിപ്പിച്ച കയര്‍ ഒരു കപ്പി കണക്കെ ഉടക്കി ഒരറ്റം തൊട്ടുതാഴെയുള്ള മറ്റൊരു കൊമ്പിലും  മറ്റേയറ്റം മുറിക്കുന്ന കൊമ്പിന്മേലും കുടുക്കിയാണ് വെട്ട് തുടങ്ങിയത്.

     കൊമ്പ് തടിയില്‍ നിന്നും വേര്‍പ്പെട്ട് വലിയൊരു ശബ്ദത്തോടെ താഴേക്ക്‌ പതിച്ചയുടന്‍ തന്നെ വീഴാതെ കയറില്‍ തൂങ്ങി  പാതി വഴിയില്‍  നിന്നു.  മരം ആകെയൊന്നുലഞ്ഞു. പിടിവിട്ട് വീണുപോകാതിരിക്കാന്‍ ഒരു കൈ കൊണ്ട് മേല്‍ക്കൊമ്പില്‍ മുറുകെ പിടിച്ചിരുന്നു. കയര്‍ പതുക്കെ അയച്ചു കൊടുക്കുന്നതിനനുസരിച്ച് കൊമ്പ് മെല്ലെ മെല്ലെ താഴ്ന്നു തുടങ്ങി. വീടുകള്‍ക്കോ ഇലക്ട്രിക് ലൈനിനോ തട്ടാതെ നിറയെ ചില്ലകളും ഒന്ന് രണ്ടു കിളിക്കൂടുകളുമുള്ള ആ വലിയ കൊമ്പ് താഴെയെത്തി. ഇനിയുമുണ്ട് കൊമ്പുകള്‍ കുറെ കിടക്കുന്നു.    മഴ വരുന്നുണ്ട്. പണി പെട്ടെന്ന് തന്നെ തീര്‍ക്കണം. ചില്ലകളും ശിഖരങ്ങളുമെല്ലാം താഴെ സഹായി മൊയ്തുട്ടി ‍ വെട്ടിയൊതുക്കുന്നുണ്ട്.  അയാള്‍ വേഗം അടുത്ത കൊമ്പിലേക്ക് നീങ്ങി.

     വൈകുന്നേരത്തോടെയാണ് എല്ലാ കൊമ്പുകളും വീഴ്ത്താന്‍ പറ്റിയത്.  ഇനി തടി മാത്രമാണുള്ളത്. അതിന് കുറച്ചു കൂടുതല്‍ പണിയെടുക്കേണ്ടി വരും. നിലം കിളച്ച് വേരുകളറുത്ത് കിട്ടാവുന്നത്ര ആഴത്തില്‍ മണ്ണിനടിയില്‍ നിന്നും തടി മുറിച്ചെടുക്കണം.വേറൊരു ദിവസമേ നടക്കൂ. കയറുകള്‍ കൈ മുട്ടില്‍ ആഞ്ഞെടുത്ത് ചുരുളാക്കി തോളിലിട്ടു. കൈമഴുവും വലിയ മഴുവുമെടുത്ത്‌ പിടിച്ച് അയാള്‍ വീട്ടിലേക്കു നടന്നു.

     ജോലി അപകടം പിടിച്ചതാണെങ്കിലും ഒരിക്കലും അയാള്‍ക്ക്‌ മടുപ്പനുഭവപ്പെടാറില്ല. മാത്രമല്ല ഒരു ലഹരിയാണ് താനും.  മുപ്പതിലധികം വര്‍ഷമായി മരം വെട്ട് തുടങ്ങിയിട്ട്. ഇതുവരെ ഒരബദ്ധവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് എത്ര ദുരിതം പിടിച്ച മരം വെട്ടിനും നാട്ടുകാര്‍ വിശ്വാസപൂര്‍വം ആലിക്കോയയെയാണ് വിളിക്കുക. വേനലായാലും മഴയായാലും പണിത്തിരക്ക് തന്നെ.  അപകട സാധ്യത കൂടിയ പണികള്‍ക്ക് ചോദിച്ച പണം ആരും തരും എന്നത് കൊണ്ട് അയാളുടെ കെട്ട്യോളും മക്കളും അല്ലലില്ലാതെ കഴിഞ്ഞു പോകുന്നുമുണ്ട്.

     വഴി നടക്കുമ്പോള്‍ ഓരോന്ന് ചിന്തിച്ച് തല താഴ്ത്തി നടക്കുകയാണ് പതിവ്. അത് കൊണ്ട് അയ്യപ്പന്‍ എതിരെ വരുന്നതയാള്‍ ശ്രദ്ധിച്ചില്ല. ‍ കുറെ ദിവസമായി ചുടലക്കുന്നിലെ ഒരു മരത്തിന്‍റെ കാര്യവും പറഞ്ഞ് അവന്‍ പിന്നാലെ കൂടിയിട്ട്. വലിയൊരു തേക്കാണ് മുറിക്കാനുള്ളത്. അവനെ കണ്ടാല്‍ മെല്ലെ മാറിക്കളയലാണ് പതിവ്. ഇന്ന് പക്ഷെ ഒഴിഞ്ഞു മാറാനാവാത്ത വിധം അടുത്തെത്തിയപ്പോള്‍ മാത്രമാണയാള്‍ക്കവനെ കാണാന്‍ കഴിഞ്ഞത്. ചുടലക്കുന്നിലേക്ക് പോകുന്ന കാര്യം ഓര്‍ക്കാന്‍ തന്നെ മടിയാണ്. ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലമാണത്. സംസ്കരിച്ച ശവങ്ങളുടെയും കുറുക്കന്മാരുടെയും താവളം. ഒരു പ്രേതഭൂമി തന്നെ. ചെറുപ്പം മുതലേ കേട്ടു പോരുന്ന നിറം പിടിപ്പിച്ച പ്രേതകഥകള്‍ അയാളുടെ മനസ്സില്‍ ഭയത്തിന്‍റെ നിഴല്‍ വീഴ്ത്തിയിരുന്നു. പോരാത്തതിനോ, മുറിക്കേണ്ട മരത്തില്‍ നിറയെ മുളിയന്‍ ഉറുമ്പും.

     'ഈയാഴ്ച ഒഴിവില്ലയ്യപ്പാ...' അയാള്‍ ഒരു ഒഴികഴിവ് പറഞ്ഞു നോക്കി.

     'അത് പറഞ്ഞാല്‍ പറ്റൂല്ല. വല്യ വെല കൊടുത്താണ് ആ മരം വാങ്ങീത്.  വേഗം മില്ലിലെത്തിച്ചില്ലെങ്കീ ന്‍റെ കാര്യം ച്ചിരി കഷ്ടാ. പെങ്ങടെ പൊന്ന്‍ അളിയനറിയാതേണ് പണയം വെച്ചത്. അല്ലാതെ ന്‍റെ കയ്യിലെവടന്നാ പ്പം  മരം വാങ്ങാന്‍ പൈസ. ന്‍റെ വീടുപണി നടന്നോണ്ടിരിക്ക്യല്ലേ.  എങ്ങനേം സഹായിക്കണം.'

     അയ്യപ്പന്‍ കാലു പിടിക്കുകയാണ്. ഒന്നും പറയാതെ അയാള്‍ മുന്നോട്ടു നീങ്ങി.

     പിറ്റേന്ന് രാവിലെ അയ്യപ്പന്‍റെ വിളി കേട്ടാണുണര്‍ന്നത്.

    'വേറൊന്നും പറേണ്ട. ങ്ങള് വെരി.' അയ്യപ്പന്‍ മഴുവെടുത്ത് മുന്നേ നടന്നു.

     മനമില്ലാമനസ്സോടെ അയാള്‍ അയ്യപ്പന്‍റെ കൂടെ പുറപ്പെട്ടു. ചെറിയ തോതില്‍ മഴ പാറ്റുന്നുണ്ടായിരുന്നു. രണ്ടു പേരും സെയ്താലിയുടെ ചായക്കടയില്‍ കയറി ഓരോ  ഗ്ലാസ്‌ സുലൈമാനി കുടിച്ച് തണുപ്പ് മാറ്റി.  രണ്ടു വെള്ളപ്പവും പച്ചപ്പട്ടാണിക്കടലയുടെ കറിയും ഒരു ചെറിയ പൊതിയാക്കി വാങ്ങി.   നനഞ്ഞ ഇടവഴിയിലൂടെ അവര്‍ കുന്നു കയറി. ഭംഗിയുള്ള സ്ഥലമാണ് ചുടലക്കുന്ന്. കിഴക്ക് വലിയ മലകളുടെ പിന്നില്‍ നിന്നും സൂര്യന്‍ ഉദിച്ചുയരാന്‍ തുടങ്ങിയിരുന്നു. താഴേക്ക്‌ നോക്കിയാല്‍ ചുറ്റുഭാഗത്തുള്ള നാടുകളെല്ലാം കാണാം. വയലുകളും നേരിയ വരകള്‍ പോലെ റോഡുകളും. ഏത് ഭാഗത്തേക്ക് നോക്കിയാലും പച്ച പിടിച്ച കാടുകള്‍ പോലെ കാണാമെങ്കിലും അതിനിടയിലെല്ലാം വീടുകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്.  പക്ഷെ കുന്നിന്‍പുറത്ത് കുറ്റിക്കാടുകളും കുറുക്കന്മാരും പിന്നെ ചുവന്ന്‍ തുടുത്ത് കുലകളായി നില്‍ക്കുന്ന തെറ്റിപ്പഴങ്ങളും മാത്രമേയുള്ളൂ. തെറ്റിക്കുലകള്‍ക്കു ചുറ്റും പാറി നടക്കുന്ന പക്ഷികളുടെ ചിറകടിയും അവക്ക് മതിവരുമ്പോള്‍ പുറപ്പെടുവിക്കുന്ന സംതൃപ്തിയുടെ മധുരനാദവും മാത്രമാണവിടെ ആകെയുള്ള ശബ്ദം. ആണ്ടിലൊരിക്കലോ മറ്റോ ആരെങ്കിലും മരിച്ചാല്‍ അവരെ കുഴിച്ചിടാന്‍ വരുന്നവരാണ് മനുഷ്യരായി ആകെ അവിടെ എത്തിപ്പെടാറുള്ളത്. കീഴ്ജാതിയില്‍പെട്ട ഏതോ ഒരു പ്രത്യേക സമുദായക്കാരുടെ  മാത്രം ചുടലയാണത്രേ അത്.

     അയ്യപ്പന്‍ മരം കാണിച്ച് കൊടുത്ത്  ഫര്‍ണിച്ചര്‍ കടയിലേക്ക്  പോയി. സഹായിയായി വരാറുള്ള മൊയ്തുട്ടി ചുടലപ്പറമ്പിലേക്കാണെങ്കില്‍ തന്നെ വിളിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ‍ ഒറ്റക്കായപ്പോള്‍ നേരിയ ഭയം തോന്നിയെങ്കിലും  അത് വകവെക്കാതെ അയാള്‍ തേക്ക് ആകെയൊന്നുഴിഞ്ഞു നോക്കിയതിനു ശേഷം   മേലോട്ട് കയറിത്തുടങ്ങി. നല്ല മൂപ്പും കൈയെത്താത്ത വണ്ണവുമുണ്ട്. മുഴുവന്‍ കാതലായിരിക്കും. അയ്യപ്പന് കോളടിച്ചത് തന്നെ.

     മുകളിലെത്തിയപ്പോള്‍ തന്നെ തുടങ്ങി മുളിയന്‍ ഉറുമ്പിന്‍റെ ആക്രമണം. ഒരു വിധമൊക്കെ തട്ടിയൊഴിവാക്കി വെട്ട് തുടങ്ങി. ഉച്ചയായപ്പോഴേക്കും തടി മാത്രം ബാക്കിയായി. പതുക്കെ മരത്തില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങി. ചുറ്റും നോക്കി. നട്ടുച്ച വെയില്‍. എവിടെയും ശാന്തമായൊരു മൂകത മാത്രം. അവിടവിടെയായി ശവങ്ങള്‍ കുഴിച്ചു മൂടിയതിന്‍റെ അടയാളമായി ഉയര്‍ന്നു നില്‍ക്കുന്ന കല്ലുകള്‍. മനസ്സില്‍ പതിഞ്ഞു കിടന്ന പ്രേതകഥകള്‍ക്ക് പതിയെ ചിറകു മുളക്കാന്‍ തുടങ്ങി. താഴോട്ടിറങ്ങാന്‍ മെല്ലെ കാല്‍ വെച്ചതും മുണ്ടിനുള്ളില്‍ നിന്ന് ഒരു മുളിയനുറുമ്പ്‌ പ്രതിഷേധമറിയിച്ചു. ഒരു നിമിഷം കൈ ഒന്ന് തെറ്റി. പരിഭ്രമത്തില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന കാലും വഴുതിപ്പോയി. ശബ്ദം കേട്ട് ഒന്നുരണ്ടു കാക്കകള്‍ ചിറകടിച്ചു പറന്നു പോയി.

     പൊരിയുന്ന വെയിലിലാണ് കിടക്കുന്നത്. വായില്‍ നേരിയ പുളിരസം.  നാവു കൊണ്ട് ചുഴഞ്ഞപ്പോള്‍ മനസ്സിലായി. മേല്‍ വരിയിലെ രണ്ടു പല്ലുകള്‍ തെറിച്ചു പോയിരിക്കുന്നു. ചോരയൊലിക്കുന്നുണ്ട്. പതുക്കെ എണീറ്റ്‌ കൈകാലുകളൊക്കെ പരിശോധിച്ചു. ഭാഗ്യം, കൂടുതലൊന്നും പറ്റിയിട്ടില്ല. എന്നാലും ഒരു തളര്‍ച്ച. മുന്നില്‍ കണ്ട ഒരു കല്ലില്‍ അയാളിരുന്നു.  ഒരു ഞെട്ടലോടെ പെട്ടെന്നെഴുന്നേല്‍ക്കുകയും ചെയ്തു.
     ശവക്കല്ലറ!   അതിന്മേലാണ് വീണു കിടന്നിരുന്നത്. അയാളുടെ മൂര്‍ദ്ധാവില്‍ നിന്നും പാദം വരെ ഒരു വൈദ്യുതപ്രവാഹം കടന്നുപോയി. മനസ്സിലെ പ്രേതരൂപങ്ങള്‍  സട കുടഞ്ഞെഴുന്നേറ്റു. ഭയം അയാളെ കൂടുതല്‍ തളര്‍ത്തി. മഴുവും കയറുമെല്ലാം അവിടെയിട്ട് തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് ധൃതിയില്‍ നടന്നു. വീട്ടിലെത്തിയിട്ടും വായില്‍ നിന്നും  ചോരയൊലിക്കുന്നുണ്ടായിരുന്നു.  ഭാര്യ ബിയ്യാത്തുവിനെയും  കൂട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി.

     അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാളെ ചിന്തകള്‍ വേട്ടയാടി. ചുടലക്കുന്നത്തെ ശവക്കല്ലറയും അതിന്മേല്‍  വീണു കിടക്കുന്ന രംഗവും മനസ്സില്‍ മിന്നി മറഞ്ഞു. കല്ലറയിലെ ശവങ്ങള്‍ പ്രേതങ്ങളായി രൂപാന്തരം പ്രാപിച്ചു. ചിലത് കഴുത്തിന്‌ പിടിക്കുന്നു. വേറെ ചിലത് തേറ്റകള്‍ നീട്ടി രക്തം കുടിക്കാനെന്ന പോലെ അട്ടഹസിച്ചു വരുന്നു. ഉറക്കത്തിനിടയിലെപ്പഴോ അയാള്‍ ഞെട്ടിയെഴുന്നേറ്റു. പേടിച്ചു വിറച്ച് കട്ടിലില്‍ ആഞ്ഞ് ചവിട്ടി. ഉറക്കം വിട്ട ബിയ്യാത്തു അയാളുടെ കയ്യില്‍ പിടിച്ചു.

     'ന്‍റെ ചോര കുടിക്കല്ലേ....!' ഭാര്യയെ  ആഞ്ഞു തള്ളി നിലവിളിച്ചുകൊണ്ടയാള്‍ വാതില്‍ തുറന്നു പുറത്തേക്കോടി.    വരാന്തയില്‍ കിടന്ന കൈമഴു കൈക്കലാക്കി.

   ഉറക്കമുണര്‍ന്ന ആലിക്കോയയുടെ കുട്ടികള്‍ ഭയചകിതരായി. അവര്‍ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് അയല്‍ വീടുകളിലേക്കോടി.   തന്‍റെ ആങ്ങള മജീദിനെ വിളിച്ചു കൊണ്ട് വരാന്‍ ബിയ്യാത്തു മൂത്തവനെ പറഞ്ഞു വിട്ടു.
    
     അര്‍ദ്ധരാത്രിയാണെങ്കിലും ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി.  മൂടല്‍ ബാധിച്ച കണ്ണുകളിലൂടെ പ്രേതങ്ങള്‍ ഇരട്ടിക്കുന്നതായാണ് അയാള്‍ക്ക്‌ തോന്നിയത്‌.
    'ചോര കുടിക്കാന്‍ അടുത്ത് വന്നാല്‍ ഞാന്‍ കൊത്തിയരിയും'. മുന്നില്‍ക്കണ്ട പ്രേതങ്ങളോടയാള്‍ അട്ടഹസിച്ചു.

    ആളുകള്‍ പേടിച്ചു പുറകോട്ടു മാറി. ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. അനുനയസ്വരത്തിലും ഭീഷണി സ്വരത്തിലുമൊക്കെ ആളുകള്‍ അടുക്കാന്‍ നോക്കി. ഫലമുണ്ടായില്ല. കൈമഴു ഒന്നാഞ്ഞു വീശിയാല്‍ തലച്ചോറ് പിളര്‍ക്കും. ഉദ്വേഗജനകമായ നിമിഷങ്ങള്‍. സമയം കടന്നു പോയി.

     നാലഞ്ചു വീട് അപ്പുറത്ത് നിന്നും മജീദ്‌ എത്തി.  .  അത്യാവശ്യം വിദ്യാഭ്യാസവും ഒരു ചെറിയ സര്‍ക്കാര്‍ ജോലിയുമുള്ള ചെറുപ്പക്കാരനാണ് മജീദ്‌. ബിയ്യാത്തുവിന്‍റെ ഒരേയൊരു ആങ്ങള.    എന്തിനും ഏതിനും ബിയ്യാത്തുവിനും ആലിക്കോയക്കും ആശ്രയം അയാള്‍ തന്നെ.   മുറ്റത്തെത്തിയപ്പോള്‍ അനുനയത്തില്‍ അയാള്‍ അളിയനെ വിളിച്ചു നോക്കി.  കുപിതനായി  കൈമഴു ഉയര്‍ത്തി ആലിക്കോയ   അയാള്‍ക്ക്  നേരെ ചാടി.  മജീദ്‌ ധൈര്യം വിടാതെ അയാളുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചു പിടിച്ച് സൂത്രത്തില്‍ കൈമഴുവില്‍ പിടികൂടി. പുറകിലെ ഇരുട്ടില്‍ മാറി നിന്നിരുന്ന മറ്റുള്ളവരും ഇടപെട്ടു. ആലിക്കോയയെ  കീഴ്പെടുത്തി നിലത്ത് കിടത്തി കയ്യും കാലും കെട്ടി. ഒരു വാഹനം വിളിച്ചുവരുത്തി ഉടനെ ഹോസ്പിറ്റലിലെത്തിച്ചു.

      'മേല്‍വരിയില്‍ പല്ലുകള്‍ ഇളകിയത് നാഡീവ്യൂഹത്തെ ബാധിച്ചതാണ് പ്രശ്നം. മരുന്നുകള്‍ കൊണ്ട് മാറ്റാവുന്നതേയുള്ളൂ'. രണ്ടു ദിവസത്തെ നിരീക്ഷണങ്ങള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.

     ദിവസങ്ങള്‍ കടന്നു പോയി.   ആശുപത്രിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി. അക്രമ വാസന കാണിക്കുന്നത്  കൊണ്ട് സെഡേറ്റീവ് മരുന്ന് കുത്തിവെച്ചാണ് ഉറക്കുന്നത്. പല തവണയായി ഇലക്ട്രിക്‌ ഷോക്കും കൊടുത്തു. മരുന്നിനു പുറമേ  കൗണ്‍സിലിംഗുകളും നടത്തി. എന്തൊക്കെയായിട്ടും അയാളുടെ ഭയത്തിനോ പ്രേതത്തെ സ്വപ്നം കണ്ടു ഞെട്ടുന്നതിനോ യാതൊരു കുറവുമുണ്ടായില്ല. പരിഭ്രാന്തയായ ബിയ്യാത്തു പലരെയും കണ്ടു സങ്കടം പറഞ്ഞു. പല പള്ളികളിലേക്കും നേര്ച്ചപ്പണം കൊടുത്തയച്ചു. വീട്ടില്‍ മുസ്ലിയാര്‍ കുട്ടികളെ വരുത്തിച്ച് മുഹയിദ്ദീന്‍മാല ഓതിച്ചു. രോഗാവസ്ഥക്കു മാത്രം യാതൊരു മാറ്റവും കണ്ടില്ല. ഇനിയിപ്പോ എന്ത് ചെയ്യും എന്ന് കുണ്‍ഠിതപ്പെട്ടിരിക്കുമ്പോഴാണ് ഗോപാലന്‍ കുട്ടിയുടെ വരവ്. ചെങ്കല്ല് വെട്ടുന്ന തൊഴിലാണെങ്കിലും അല്ലറ ചില്ലറ മന്ത്രവും കൂടോത്രവുമൊക്കെ ഗോപാലന് വശമുണ്ട്. ചുടലക്കുന്നത്ത് ശവമടക്കുന്ന സമുദായാംഗവുമാണ്.
      'ചൊടലക്കുന്നത്തെ പ്രേതത്തിന്‍റെ മോളിലല്ലേ മൂപ്പര്‍ വീണത്. ന്നട്ട് ങ്ങളിവിടെ ആസ്പത്രീല്‍ കെടക്ക്വാണോ? ഇവിടെ നിങ്ങളെന്തു ചെയ്യാനാ പോകണത്?' ഗോപാലന്‍ കുട്ടി ആശ്ചര്യത്തോടെ ചോദിച്ചു.

     അത് കേട്ട ബിയ്യാത്തുവിന് ഇരുട്ടില്‍ തപ്പി നടക്കുമ്പോള്‍ ഒരു ചൂട്ട് വെളിച്ചം കിട്ടിയ സന്തോഷം തോന്നി.

     'ന്‍റെ ഗോവാലന്‍ കുട്ട്യേ.. ലാക്കട്ടര്മാര്‍ക്കൊന്നും ഒരു പുട്യൂം കിട്ടണ് ല്ല്യ. ഞാനാണെങ്കീ നേരാത്ത നേര്‍ച്ചോളൂല്ല്യ.'

     'അതാ ഞാമ്പറഞ്ഞത്, ങ്ങള് ബടെ ങ്ങനെ കുത്തിര്ന്നാല് സംഗതി നടക്ക്വോ?   ഉള്ളില്‍ കൂട്യ പ്രേതത്തിനെ പറഞ്ഞയക്കണം. അല്ലാതെ ആസ്പത്രിക്കാര്‍ക്ക്ണ്ടോ ദ് വല്ലതും തിരീണ്?!'

     അടുത്തുണ്ടായിരുന്ന ബിയ്യാത്തുവിന്‍റെ ആങ്ങള മജീദിന് അത് കേട്ടപ്പോള്‍ കലിയിളകി. 
     'ഓ പിന്നേ..  പ്രേതം ഇവടെ മുമ്പൊക്കെ ണ്ടായിര്ന്ന്.  ആ ഗള്‍ഫ്‌ കാര് കോണ്ടോര്ണ ചൊവന്ന സാന്യോ ടോര്‍ച്ച് ല്ലേ ? അത് വന്നപ്പം എല്ലാം നാടും വിട്ട് പോയി.'  മജീദ്‌ പരിഹസിച്ചു.

     'പ്രേതം പ്രേതം ന്ന് പേടിച്ചു നെലോളിക്ക്ണോന് ങ്ങള് കൊറേ സൂചി ബെച്ചിട്ടും മരുന്ന് കൊട്ത്തിട്ടും ഒരു കാര്യോല്ല.  ഞാമ്പറിണത് കേട്ടാ ങ്ങക്കെന്നെ നല്ലത്.'

    ഗോപാലന്‍ കുട്ടിയുടെ പ്രസ്താവന കേട്ട  ബിയ്യാത്തു മജീദിന്‍റെ മുഖത്തേക്ക്  നോക്കി.  അയാള്‍ മുഖം തിരിച്ച് നടന്നു പോയി. ബിയ്യാത്തു അവസാനം ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു.

     'കോളേജിലൊക്കെ പഠിച്ച അനക്ക് ദിലൊന്നും ബിസ്വാസം ണ്ടാവൂല. ഞമ്മള് പയമക്കാരാ. ദൊക്കെ കൊറേ കണ്ടിട്ടൂണ്ട്.' ബിയ്യാത്തു പിറുപിറുത്തു.

     പൂജാ ദ്രവ്യങ്ങളെല്ലാം ഗോപാലന്‍ കുട്ടി ആ വീടിന്‍റെ കോലായില്‍ നിരത്തി. നടുവിലൊരു വിളക്ക് തെളിച്ചു വെച്ചു. ആലിക്കോയയെ അതിനു മുന്നില്‍ ഇരുത്തി.  ചുടലക്കുന്നത്തെ പ്രേതം കൂടിയതിന് ആശുപത്രിയില്‍ ചികിത്സിച്ച കുറ്റത്തിന് ബിയ്യാത്തുവിനെ ഗോപാലന്‍ കണക്കിന് ചീത്ത പറഞ്ഞു. അതിനിടയില്‍ത്തന്നെ മന്ത്രങ്ങളും തുരുതുരാ ഉരുവിട്ടു കൊണ്ടിരുന്നു. പൂജാ ദ്രവ്യങ്ങള്‍ക്കിടയില്‍ ഒരു പരന്ന മണ്‍ചട്ടിയില്‍ മഞ്ഞ നിറത്തിലുള്ള എന്തോ ഒരു ദ്രാവകം നിറച്ചു വെച്ചിരുന്നു. ആലിക്കോയയോട്  അതിലേക്കു തന്നെ നോക്കാന്‍ പറഞ്ഞു.
കൊച്ചു കുട്ടിയെപ്പോലെ അയാള്‍ അനുസരിച്ചു. സമയം കടന്നു പോയി.  ഗോപാലന്‍ കുട്ടി വാചാലനായി. ചുടലക്കുന്നത്തെ ഓരോ പ്രേതത്തിന്റെയും ഗുണഗണങ്ങള്‍ ഗോപാലന്‍ കുട്ടി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അയാളുടെ മനസ്സിലെ രൂപങ്ങള്‍ അതില്‍ തെളിയുന്നുണ്ടോ എന്ന് നോക്കാന്‍ പറഞ്ഞു.
     ഗോപാലന്‍ കുട്ടി കണ്ണടച്ചു. മന്ത്രധ്വനികള്‍ മുറുകി.

     അദ്ഭുതം!  അതാ, തന്നെ നിരന്തരം വെട്ടയാടാറുള്ള പ്രേതങ്ങളെല്ലാം മണ്‍ചട്ടിയിലെ വെള്ളത്തില്‍! ആലിക്കോയ പേടിച്ചു നിലവിളിക്കാന്‍ തുടങ്ങി. ഗോപാലന്‍ കുട്ടി ഉടനെ ഒരു അടപ്പെടുത്ത് മണ്‍ചട്ടി മൂടിക്കളഞ്ഞു. എന്നിട്ട് ഒരു ചുവന്ന കോട്ടണ്‍ ശീലയെടുത്ത് ഭദ്രമായി മൂടിക്കെട്ടി.  ഇരുന്ന ഇരുപ്പില്‍ ആലിക്കോയയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി.

     എന്നിട്ട് ശാന്ത ഗംഭീരമായി പ്രസ്താവിച്ചു.

    'തല്‍ക്കാലം ഇവറ്റകളെ ഞാന്‍ കൊണ്ട് പോണു."
     എല്ലാ സാമഗ്രികളും കെട്ടിപ്പൊതിഞ്ഞ് കൂടുതലൊന്നും മിണ്ടാതെ ഗോപാലന്‍ കുട്ടി പതുക്കെ ഇറങ്ങി നടന്നു.     അന്ന് രാത്രി ആലിക്കോയ ഒരു മരുന്നിന്‍റെയും സഹായമില്ലാതെ ഭയലേശമന്യേ കിടന്നുറങ്ങി.
 
     'പല്ല് എളകിയത് കൊണ്ട് ഞരമ്പ്‌ കേടു ബന്നതാണ് പോലും!  ആ ഗോവാലന്‍ കുട്ടി ല്ലായിന്യെങ്കീ..... ന്‍റെ ബദ്രീങ്ങളേ....!'       ശൂന്യമായ കഴുത്തിലെ സ്വര്‍ണനെക്കലേസ് കിടന്നിരുന്ന ഭാഗം  തടവിക്കൊണ്ട്  ബിയ്യാത്തുമ്മ  മജീദിന്‍റെ നേരെ കെറുവിച്ചു.

     മജീദ്‌ എന്ത് പറയാനാണ്.  അളിയന്‍റെ അസുഖം മാറിക്കിട്ടിയല്ലോ.

     'മനുഷ്യമനസ്സ് ഒരു വിസ്മയ ലോകം തന്നെ.  വെറും അന്ധവിശ്വാസങ്ങള്‍ പോലും  അതിന് രോഗകാരണവും അതുപോലെ ചികിത്സയുമായിത്തീരുന്നു.'  സുഹൃത്തായ ഒരു സൈക്ക്യാട്രിസ്റ്റ്  പറഞ്ഞത് ഒരു ചെറുപുഞ്ചിരിയോടെ മജീദ്‌  ഓര്‍ത്തു.  പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം