'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

16 December 2011

സൂപ്പര്‍ ഹിറ്റ്‌

     കഴിഞ്ഞ രണ്ടു സിനിമയും പൊട്ടി. തൂങ്ങി ചാവേണ്ടി വരുമോ? കോടികളല്ലേ വെള്ളത്തിലായത്‌? ആ പരട്ട സംവിധായകന്‍ പറഞ്ഞതാണ് ഇത്തവണ പൊടി പാറിക്കുമെന്ന്. എന്നിട്ടെന്തായി? പാറിയത് മരുഭൂമിയില്‍ കഷ്ടപ്പെട്ടും കുറെ അറബികളുടെ കണ്ണ് വെട്ടിച്ചും സമ്പാദിച്ചു കൂട്ടിയ തന്‍റെ ബാങ്ക് ബാലന്‍സ് തന്നെയായിപ്പോയില്ലേ.  ഒന്നാം കിട സംവിധായകനെയാണ്  തെരഞ്ഞെടുത്തത്. ജനത്തിന് വേണ്ട ഫോര്‍മുലകളെല്ലാം അയാള്‍ക്കറിയാം. സമര്‍ത്ഥനുമാണ്. ഒരുപാട് പടങ്ങള്‍ സൂപ്പര്‍ ഹിറ്റ്‌ ആക്കിയിട്ടുമുണ്ട്. പിന്നെ എവിടെയാണ് കുഴപ്പം? ഒരു പിടുത്തവും കിട്ടുന്നില്ല. ഇനി ഒരു പടം കൂടി പൊട്ടിയാല്‍ തനിക്ക് നേരെ വയനാട്ടിലേക്ക്‌ പോകുകയായിരിക്കും നന്നാവുക. ആത്മഹത്യക്ക് അവിടത്തെ കര്‍ഷകര്‍ക്ക് ഒരു കമ്പനി ആയിക്കൊള്ളും. അവിടെ ഇപ്പോള്‍ അതാണല്ലോ ഫാഷന്‍.‌ മുപ്പതിനായിരം രൂപ കടമുള്ളത് പേടിച്ചാണ് അവരുടെ ആത്മഹത്യ.

      തമാശ പറഞ്ഞിരിക്കാനുള്ള സമയമല്ല. തല്‍ക്കാലം കാര്യം നോക്കാം. എങ്ങനെയെങ്കിലും അടുത്ത പടം സൂപ്പര്‍ ഹിറ്റ്‌ ആക്കണം. പണം ഒഴുകി വരണം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം. എന്താണൊരു വഴി?

     സംവിധായകന്‍ അയാള്‍ തന്നെ ആവട്ടെ.  കഥയും തിരക്കഥയും പുതിയ ഒരാളെ എല്പിക്കാം. എന്തെങ്കിലും തടയാതിരിക്കില്ല. പിറ്റേന്ന് തന്നെ പറ്റിയ ഒരാളെ തെരഞ്ഞു പിടിച്ചു. ഹോട്ടലില്‍ ഒരു റൂം എടുത്തു. സംവിധായകനെയും കഥാകൃത്തിനെയും വരുത്തി. രാവും പകലും നീണ്ട ചര്‍ച്ച.

     അങ്ങനെ ഒരു തീരുമാനത്തിലെത്തി. ഒരാഴ്ച കൊണ്ട് കഥയും റെഡിയായി. ഒരല്‍പം മതസ്പര്‍ധ കലര്‍ത്തിയ കഥയാണ്‌. ഇപ്പോഴത്തെ കഷ്ടപ്പാടില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഒരല്‍പം കടന്ന കൈ ചെയതേ മതിയാവൂ. ഒരു പ്രത്യേക സമുദായത്തെ വല്ലാതെ അനുകൂലിക്കുകയും മറ്റൊരു സമുദായത്തെ വല്ലാതെ താറടിച്ചു കാണിക്കുന്നുമുണ്ട്. പക്ഷെ അതൊന്നും പോര പ്രേക്ഷകര്‍ തീയേറ്ററില്‍ വരാന്‍.  വ്യാജ സി ഡി യും ഇന്റര്‍നെറ്റുമെല്ലാം കൊടി കുത്തി വാഴുന്ന കാലമാണ്. ആളുകള്‍ വരണമെങ്കില്‍ തന്ത്രം പ്രയോഗിക്കണം.


     അങ്ങനെ പടം റിലീസ് ആയി. ആദ്യ ആഴ്ചകളില്‍ തന്നെ മുടക്കിയ പണം ഇങ്ങു പോന്നു.  ഇനി കിട്ടുന്നതെല്ലാം ലാഭം.  പക്ഷെ ഇതെങ്ങനെ ഒപ്പിച്ചു എന്നല്ലേ?  അവിടെയാണ് അതിന്‍റെ ഒരു ഗുട്ടന്‍സ്‌. കഥയില്‍ താറടിച്ചു കാണിച്ച മതത്തിലെ തീവ്രവാദി നേതാവിനെ ചെന്ന് കണ്ടു കരഞ്ഞു കാര്യം പറഞ്ഞു. കാണിക്കയായി ഒരു പെട്ടി നിറയെ പണവും കാല്‍ക്കല്‍ വെച്ചു കൊടുത്തു. മാന്യദേഹത്തിന്‍റെ വക പിറ്റേന്നൊരു കിടിലന്‍ പ്രസ്താവന.  'ഫിലിം ഇറങ്ങിയാല്‍ പ്രദര്‍ശനം തടയും'.  

     തുടങ്ങിയില്ലേ പൂരം.  പ്രതിഷേധം, ചാനല്‍ ചര്‍ച്ചകള്‍, എഡിറ്റോറിയലുകള്‍,  പ്രതികരണങ്ങള്‍. ഇതില്‍പ്പരം ഒരു പരസ്യമുണ്ടോ?  ആളുകള്‍ ഇടിച്ചു കയറി. പ്രത്യേകിച്ചും ചിത്രത്തില്‍ താറടിച്ചു കാണിച്ച സമുദായത്തിലെ ആളുകള്‍. പടം സൂപ്പര്‍ ഹിറ്റ്‌!

29 October 2011

ഡ്യൂപ്ലിക്കേറ്റ്‌


     അഹമ്മദ്‌ ഹാജി മരിച്ചു. ഇന്നലെയായിരുന്നു ഖബറടക്കം. ഗള്‍ഫിലുള്ള മക്കളും അടുത്ത ബന്ധുക്കളും ഖബറടക്കത്തിന് നാട്ടിലെത്തിയിരുന്നു. മയ്യിത്തിനെ അനുഗമിക്കാന്‍ വലിയൊരു ജനക്കൂട്ടം തന്നെയാണുണ്ടായിരുന്നത്.

      മനുഷ്യന്‍റെയൊരു കാര്യം! ഇന്നലെ വരെ ആഡംബര ജീവിതം നയിച്ചിരുന്ന ഒരു ധനാഢ്യന്‍. നാട്ടുകാര്‍ മുഴുവന്‍ ബഹുമാനത്തോടെയും ചിലര്‍ അസൂയയോടെയും കണ്ടിരുന്ന തറവാടി. ഇന്നോ? വെള്ളത്തുണിയില്‍ പൊതിഞ്ഞ് വെറും മണ്ണില്‍ക്കിടക്കുന്നു. ധനവാനായാലും പിച്ചക്കാരനായാലും മരണത്തിനു മുന്നില്‍ തുല്യരാണല്ലോ. ആര്‍ഭാടങ്ങളൊന്നുമാവശ്യമില്ലാതെ മണ്ണിലേക്കുള്ള ഈ പോക്കിനുണ്ടോ വലിപ്പച്ചെറുപ്പവ്യത്യാസം വല്ലതും? സോഷ്യലിസം എന്നത് അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ നടപ്പാകുന്ന ഏകസന്ദര്‍ഭം ഒരു പക്ഷേ ഇത് മാത്രമായിരിക്കാം. അദ്ദേഹത്തിന്‍റെ സമയമടുത്തു എന്നല്ലാതെന്തു പറയാന്‍.

     ഇനി ഹാജിയുടെ ഗള്‍ഫിലുള്ള കടകളില്‍ മുതലാളിമാരായി മൂന്ന് ആണ്‍മക്കളാണുണ്ടാവുക. ജോലിക്കാരെല്ലാം പേടിക്കുന്ന ആജ്ഞകളും നോട്ടങ്ങളുമായി ഗാംഭീര്യം തുളുമ്പുന്ന ഭാവഹാദികളോടെ തന്‍റെ കടകളിലൂടെ ഉലാത്തുന്ന അഹമ്മദ്‌ ഹാജി ഇല്ലാതെയാണ് ഇനി മക്കളുടെ തേരോട്ടം.

      പത്തു മുപ്പത്തഞ്ചു വര്‍ഷമായി ഗള്‍ഫില്‍ കച്ചവടം നടത്തുന്നയാളാണ് അഹമ്മദ്‌ ഹാജി. ചെറിയ ഒരു കടയില്‍ തുടങ്ങി വലിയ നാല് കടകളുടെ അധിപനായതാണ് അദ്ദേഹത്തിന്റെ മുപ്പത്തഞ്ചു വര്‍ഷത്തെ ഗള്‍ഫ് ജീവിത ചരിത്രം. വലിയ തറവാട്ടുകാരനായ അദ്ദേഹം നാട്ടില്‍ അറിയപ്പെടുന്ന ധര്മിഷ്ഠനാണ്. പള്ളിക്കും ദീനീസ്ഥാപനങ്ങള്‍ക്കും വര്‍ഷാവര്‍ഷം കാര്യമായ സംഭാവന, റമളാന്‍ ഇരുപത്തേഴാം രാവിന് നാട്ടിലുടനീളം അരിയും സാമാനങ്ങളും, ബലിപെരുന്നാളിന് ഡസന്‍ കണക്കിന് പോത്തുകളെ ബലിയറുത്ത് വിതരണം, പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണത്തിന് പ്രത്യേക ലക്കോട്ട് കവര്‍ എന്ന് തുടങ്ങി അഹമ്മദ്‌ ഹാജിയുടെ പോരിശ അങ്ങനെ നീളുന്നു.

     ഹാജിയുടെ നാല് കടകളില്‍ അദ്ദേഹം ഇരുന്നിരുന്ന വലിയ കടയില്‍ എപ്പോഴും നല്ല തിരക്കായിരുന്നു. കാഷ്‌ കൌണ്ടറിനു മുന്നില്‍ ഒരു ജനക്കൂട്ടം എപ്പോഴുമുണ്ടാകും. ഈ കടയാണ് അദ്ദേഹം ആദ്യം തുടങ്ങിയത്. അതിന്മേലാണ് മൊത്തത്തിലൊന്ന് പച്ചപിടിച്ചതും പിന്നീടദ്ദേഹം കോടീശ്വരനായതും.
     ജോലിക്കാരില്‍ അധിക പേരും നാട്ടുകാര്‍ തന്നെയാണ്. അവരില്‍ പുതുതായി നാട്ടില്‍ നിന്നും വന്ന സെയില്‍സ്‌മാനാണ് അഷ്‌റഫ്‌. കടയിലേക്ക് വന്നു കയറിയ ദിവസം അവന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വലിയ പ്രതീക്ഷകളുമായി നാട്ടില്‍ നിന്നും വിമാനം കയറി വന്നതാണല്ലോ. കടയില്‍ നല്ല തിരക്കായിരുന്നു. അവനെയും കൂട്ടി ഹാജി വാച്ച് സെക്‌ ഷനിലേക്ക് ചെന്നു.
     കെട്ടുപ്രായമെത്തിയ പെങ്ങന്മാരും അസുഖബാധിതനായ ഉപ്പയുമെല്ലാമുണ്ടായിട്ടും നിത്യ ചെലവുകള്‍ക്കെങ്കിലുമുതകുന്ന കാര്യമായ പണിയൊന്നും ശരിയാവാതെ നാട്ടില്‍ തേരാ പാരാ നടക്കുകയായിരുന്നു അവന്‍. ദുരിതക്കയത്തില്‍ മുങ്ങിത്താഴാന്‍ പോകുമ്പോള്‍ എത്തിപ്പിടിക്കാന്‍ ഒരു കച്ചിത്തുരുമ്പെന്ന പോലെയാണവന് ഹാജിയുടെ കടയില്‍ ജോലിക്കുള്ള വിസ തരപ്പെട്ടത്. നാട്ടിലെ മറ്റു പണക്കാരില്‍ നിന്നും വ്യത്യസ്തനായ ഹാജിയുടെ കടയില്‍ ഒരു ജോലി എന്നത് അവനെസ്സംബന്ധിച്ചേടത്തോളം ഒരു മഹാഭാഗ്യമായിരുന്നു.
     "ഇവന് വാച്ചുകളെല്ലാം ശരിക്ക് കാണിച്ചു കൊടുക്കണം. നിനക്ക് നാട്ടില്‍ പോകാനുള്ളതല്ലേ. എല്ലാം പെട്ടെന്ന് പഠിപ്പിച്ചെടുക്കണം."

വാച്ചിലെ സെയില്‍സ്‌മാന്‍ സലീമിനോട് ഹാജി പറഞ്ഞു.

     "ഭക്ഷണം കഴിച്ച് റസ്റ്റ്‌ കഴിഞ്ഞ് വൈകുന്നേരം വന്നാല്‍ മതി. ഇപ്പോള്‍ റൂമിലേക്ക്‌ പൊയ്ക്കോ." ഹാജി അഷ്‌റഫിനെ പറഞ്ഞയച്ചു.


ഒരു സെയില്‍സ്‌മാന്‍റെ കൂടെ അവന്‍ റൂമിലേക്ക്‌ പോയി. മുതലാളി പറഞ്ഞത് പ്രകാരം വൈകുന്നേരം തന്നെ വന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. സലീം അവന് വാച്ചുകളോരോന്നും കാണിച്ചു കൊടുത്തു .



     "ഇതാണ് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാസിയോയുടെ മോഡല്‍ ഒറിജിനല്‍. അപ്പുറത്തെ ബോക്സില്‍ ഉള്ളത് 'യു'." സലീം ക്ലാസ് തുടങ്ങി.

"'യു'വോ? അതെന്താ?" അഷ്റഫിനു പിടി കിട്ടിയില്ല


    "അതായത് ഡ്യൂപ്ലിക്കേറ്റ്‌. ഡ്യൂപ്ലിക്കേറ്റ്‌ എന്ന് കസ്റ്റമര്‍ കേള്‍ക്കെ പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കടയില്‍ എല്ലാവരും 'യു' എന്നാണു പറയുക. 'യു' എടുക്കാന്‍ പറഞ്ഞാല്‍ ഇതാണ് എടുക്കേണ്ടത്. ഒറിജിനലിനു നമ്മള്‍ 'എല്‍' എന്ന് പറയും."

സലീം വിശദീകരിച്ചു.

     അന്ന് തന്നെ അതിന്റെ വില്‍പ്പനാ രീതിയും ഏതാണ്ട് മുഴുവനായിത്തന്നെ പഠിപ്പിച്ചു കൊടുത്തു. ഒറിജിനല്‍ വിറ്റാല്‍ തുച്ഛമായ ലാഭമേ കിട്ടൂ. എന്നാല്‍ ഡ്യൂപ്ലിക്കേറ്റിന്മേല്‍ പലതിലും വില്പനവിലയുടെ എഴുപത്തഞ്ചു ശതമാനം വരെ ലാഭമാണത്രേ. അത് കൊണ്ട് ഡ്യൂപ്ലിക്കേറ്റ്‌ കൂടുതല്‍ വിറ്റാല്‍ എളുപ്പത്തില്‍ മുതലാളിയുടെ ഇഷ്ടക്കാരനാവാം. ഒറിജിനല്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെ ഡ്യൂപ്ലിക്കേറ്റ്‌ കൊടുക്കാന്‍ കഴിയണം. അതാണ്‌ കഴിവ്. അപ്പോള്‍ ഒറിജിനലിന്‍റെ വിലയില്‍ തന്നെ കച്ചവടം നടക്കുകയും ചെയ്യും. കാഴ്ചയില്‍ രണ്ടും ഒരേ പോലെയാണിരിക്കുക . പേരും പ്രിന്റും ബോക്സും എല്ലാം ഒരു പോലെ. സാധനം കുറച്ചു കാലം ഉപയോഗിക്കുമ്പോള്‍ മാത്രമേ വ്യത്യാസം അറിയാന്‍ പറ്റൂ. കസ്റ്റമേഴ്സ് അധികവും പഞ്ചാബികളും തമിഴന്മാരും പാക്കിസ്ഥാനികളും ചിലപ്പോള്‍ മലയാളികളുമായ നാട്ടില്‍പ്പോക്കുകാരാണ്. കെട്ടിട നിര്‍മാണത്തൊഴിലാളികളായ അവരില്‍പ്പലരും തുച്ഛ ശമ്പളക്കാരും രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ മാത്രം നാട്ടിലേക്ക് പോകുന്നവരുമാണ്. നാട്ടിലേക്ക് പോകുന്ന സാധനങ്ങള്‍ കേടു വന്നാലും തിരിച്ചു വരാനുള്ള സാധ്യത വളരെ വിരളമാണ്.

     ധര്മിഷ്ഠനും അഞ്ചു നേരം മുടങ്ങാതെ പള്ളിയില്‍ പോകുന്നയാളുമായ ഹാജിയാരുടെ കടയിലും ഡ്യൂപ്ലിക്കേറ്റോ
എന്ന അമ്പരപ്പായിരുന്നു അഷ്‌റഫിന് ആദ്യം. ‌ പിന്നെയാണ് മനസ്സിലായത്, വെറും കാസിയോ വാച്ച് മാത്രമല്ല. ഇലക്ട്രോണിക്സും കോസ്മെറ്റിക്സും തുടങ്ങി സകല സാധനങ്ങളും ഒറിജിനലിന്‍റെ കൂടെ ഡ്യൂപ്ലിക്കേറ്റും ഇദ്ദേഹത്തിന്‍റെ കടകളില്‍ ഉണ്ടെന്നത്.

     "അപ്പൊ അതാണ്‌ കാര്യം.     ഇയാള്‍ നാട്ടില്‍ക്കാണിക്കുന്ന ഉദാരതയും വിശാലമനസ്ക്കതയുമെല്ലാം വെറും കള്ളപ്പണത്തിന് 'ഈമാന്‍' പൂശല്‍ മാത്രമായിരുന്നു. നാട്ടുകാരുടെ മുന്നില്‍ വെറും മാന്യത ചമയല്‍ മാത്രം." അഷ്‌റഫിന് വിശ്വസിക്കാനായില്ല.
ഇങ്ങനെയൊരു നരകത്തില്‍ ജോലി ചെയ്യേണ്ടി വന്നതില്‍ അവന് വിഷമം തോന്നി. പക്ഷെ എന്ത് ചെയ്യാന്‍. വീട്ടിലെ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ എങ്ങനെയും ഇവിടെ കുറെ കാലം പിടിച്ചു നിന്നേ പറ്റൂ.

     ഹാജിയുടെ ധനാഗമനത്തിന്റെ വേര് ആണ്ടു കിടക്കുന്നത് മരുഭൂവിന്റെ ഉരുകുന്ന ചൂടിലും കൊടും തണുപ്പിലും കഷ്ടപ്പെടുന്ന പാവപ്പെട്ടവന്‍റെ വിയര്‍പ്പിലും ചോരയിലുമാണെന്ന് മനസ്സിലാക്കാന്‍ അഷ്‌റഫിന് ഏറെ നാള്‍ വേണ്ടി വന്നില്ല. ദീര്‍ഘകാലത്തെ വിരഹത്തിനു ശേഷം നാട്ടിലെത്തുന്ന പാവം പ്രവാസികളുടെയും അവര്‍ ആശയോടെ മാറോടണക്കാന്‍ വെമ്പി കാത്തിരിക്കുന്ന അവരുടെ കുഞ്ഞുങ്ങളുടെയും അതൃപ്പം നിറഞ്ഞ
മുഖത്തേക്ക് ഇളിഭ്യച്ചിരിയോടെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് ഹാജിയുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ നാട്ടില്‍ പൊങ്ങിക്കൊണ്ടിരുന്നത്.

     "പടച്ചോനെ, ആളുകളുടെ ഉള്ളു കാണാന്‍ വല്ല യന്ത്രവും കണ്ടു പിടിച്ചിരുന്നെങ്കില്‍!" അഷ്റഫ് പ്രാര്‍ത്ഥിച്ചു പോയി.

     നല്ല പൊടിക്കാറ്റുള്ള ഒരു ദിവസം കട പൂട്ടി ഫ്ലാറ്റിലേക്കുള്ള സ്റ്റെപ്പുകള്‍ കയറുമ്പോഴാണ് ഹാജി ആദ്യം കുഴഞ്ഞു വീണത്. പൊടി ശ്വസിച്ചത്‌ കൊണ്ടായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഓരോ കാലാവസ്ഥാ മാറ്റത്തിനിടയിലും ഈ പൊടിക്കാറ്റ് അറബി രാജ്യങ്ങളില്‍ പതിവുള്ളതാണല്ലോ. മക്കള്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഗതി പൊടിയല്ല ഹൃദയത്തിന്റെ എന്തോ തകരാറാണെന്ന് സ്ഥിരീകരിച്ചത്.

     പരിശോധനകള്‍. വിവിധ ടെസ്റ്റുകള്‍. കൂടുതല്‍ ചികിത്സക്കായി ഹാജിയെ പെട്ടെന്ന് തന്നെ നാട്ടിലേക്കയച്ചു. അവിടെ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഹൃദയവാല്‍വ് മാറ്റി വെക്കണമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നു. പിന്നെ ഓപ്പറേഷനുള്ള ഒരുക്കങ്ങളായി. പണം വാരി എറിയാന്‍ ഉള്ളത് കൊണ്ട് എല്ലാം ഭംഗിയായി നടന്നു. ഓപ്പറേഷന്‍ കഴിഞ്ഞു ഹാജി ആശുപത്രി വിട്ടു. ഏകദേശം ഒരു മാസം കഴിഞ്ഞു. അത്യാവശ്യങ്ങള്‍ക്കെല്ലാം വീട് വിട്ടു പുറത്തിറങ്ങാനൊക്കെ തുടങ്ങി. പക്ഷെ സ്വാസ്ഥ്യം കൂടുതല്‍ നീണ്ടു നിന്നില്ല. വീണ്ടും തുടങ്ങി നെഞ്ചു വേദനയും ശരീരം കുഴയലും. പിന്നെയും അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വേദന കുറഞ്ഞു. അത്യാവശ്യം എണീറ്റ് ഇരിക്കാമെന്നായി. ഹാജിയെ റൂമിലേക്ക്‌ മാറ്റി. അങ്ങനെയൊരു ദിവസം രാവിലെ ആശുപത്രിയില്‍ വെച്ച് പത്രം നോക്കിക്കൊണ്ടിരിക്കെയാണ് തന്‍റെ ഓപറേഷന്‍ നടത്തിയ ഡോക്ടറുടെ ഫോട്ടോ കയ്യാമം വെച്ച നിലയില്‍ പത്രത്തിന്‍റെ മുന്‍പേജില്‍ തന്നെ കാണുന്നത്. വാര്‍ത്ത വായിച്ച ഹാജി ഞെട്ടിത്തരിച്ചു പോയി. ധാരാളം വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ വിദ്വാന്‍ ഒരുപാട് പേര്‍ക്ക് കാലാവധി കഴിഞ്ഞതും വ്യാജനുമായ വാല്‍വുകളാണത്രേ ഫിറ്റ്‌ ചെയ്തത്. എങ്ങനെയും പണം സമ്പാദിക്കാന്‍ ഒരുപാട് പേരുടെ ജീവന്‍ അയാള്‍ പുഷ്പം പോലെ അമ്മാനമാടിയത്രേ. ജയിലിലേക്കുള്ള പോക്കാണ് ഫോട്ടോയില്‍.

     ഹാജി ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. തിളങ്ങുന്ന ആ കണ്ണുകളില്‍ അന്നുവരെയില്ലാതിരുന്ന ഒരു തരം ക്രൌര്യം ഹാജിക്ക് കാണാനായി. ആ നോട്ടം അദ്ദേഹത്തിന്‍റെ ഹൃദയത്തിലേക്ക് തന്നെ തുളഞ്ഞു കയറി. സിംഹവായിലകപ്പെട്ട മാനിന്റെ ദൈന്യത ഹാജിയുടെ മുഖത്ത് പരന്നു. വഞ്ചിക്കപ്പെട്ട കുഞ്ഞുങ്ങളുടെ നിരാശ പടര്‍ന്ന കണ്ണുകള്‍ ഒരായിരം കൂര്‍ത്ത ദംഷ്ട്രകളായി തന്‍റെ നേരെ ചീറിയടുക്കുന്നതായി ഹാജിക്ക് തോന്നി. ഇടതു തോളിന്‍റെ ഭാഗത്ത്‌ നിന്നും ശക്തിയായൊരു വേദനയുടെ മിന്നല്‍ പിണര്‍. ഹാജി കുഴഞ്ഞു വീണു. അതായിരുന്നു അവസാനം.

28 August 2011

അവരെ തൂക്കിക്കൊല്ലരുതെന്ന്....

          ശനിയാഴ്ചത്തെ 'ദി ഹിന്ദു' പത്രത്തില്‍ Don't hang them എന്ന തലക്കെട്ടില്‍  പ്രസിദ്ധീകരിച്ച മുഖപ്രസംഗം എനിക്ക് മനസ്സിലായ രീതിയില്‍ ഇവിടെ മലയാളത്തില്‍ കൊടുക്കുന്നു. തൂക്കിക്കൊല്ലല്‍ എന്ന ശിക്ഷാ രീതി കാലഹരണപ്പെട്ടു പോയോ എന്ന ചര്ച്ചയിലേക്കെത്താനുള്ള ഒരു പ്രചോദനമായി തോന്നിയത് കൊണ്ടാണ്  ഇവിടെ കൊടുക്കുന്നത്

          1991 ലെ രാജീവ്ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന്  കുറ്റം ചുമത്തപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ മൂന്നു പേരെ തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 9 ആണ് വധ ശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ നിശ്ചയിച്ച തിയ്യതി. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ സമര്‍പ്പിച്ച ശിക്ഷ ഇളവു ചെയ്യാനുള്ള ദയാഹരജി രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീല്‍ ഈ മാസം ആദ്യവാരത്തില്‍ തള്ളിക്കളയുകയും കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇക്കാര്യം തമിഴ്നാട് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ മൂന്നു പേരില്‍ മുരുകനും ശാന്തനും ശ്രീലങ്കന്‍ തമിഴരാണ്. വധം ആസൂത്രണം ചെയ്തു നടപ്പാക്കിയ എല്‍.ടി.ടി.ഇയുടെ പ്രധാന അംഗങ്ങളായ ഇവരാണ് ഓപ്പറേഷന് വേണ്ടി പ്രധാന സന്ദേശങ്ങള്‍ കൈമാറിയിരുന്നതും  ആവശ്യമായ പണം  എത്തിച്ചിരുന്നതും. മനുഷ്യബോംബായി പൊട്ടിത്തെറിച്ച  ധനു ധരിച്ചിരുന്ന ബെല്‍റ്റ്‌ ബോംബിലുപയോഗിച്ച ബാറ്ററി സെല്ലുകള്‍ വാങ്ങിയെന്ന കുറ്റമാണ് ഇന്ത്യക്കാരനായ പേരറിവാളന്റെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. കൊലയാളിസംഘം ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ നേതൃത്വവുമായി ബന്ധപ്പെടുന്നതിനുപയോഗിച്ച വയര്‍ലെസ്സ് സെറ്റിന്റെ ബാറ്ററി വാങ്ങിയെന്ന കുറ്റവും ഇയാളുടെ പേരില്‍ത്തന്നെയാണ്. കൊലക്കുറ്റവും ഗൂഡാലോചനയും ചുമത്തി ഈ മൂന്നു പേര്‍ക്കും പിന്നെ നളിനി എന്ന സ്ത്രീക്കും അന്ന് വധശിക്ഷ വിധിച്ചിരുന്നെങ്കിലും 2000 ല്‍ നളിനിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അന്ന് മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തന്റെ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിവരവേ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടത് രാജ്യത്തെ പിടിച്ചു കുലുക്കി. മാസങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്ത് ബീഭത്സമായി നടപ്പാക്കിയ ഈ പൈശാചികകൃത്യം ഏറ്റവും കര്‍ക്കശമായതും എന്നാല്‍ പരിഷ്കൃതരീതിയിലുള്ളതുമായ ശിക്ഷയര്‍ഹിക്കുന്നു. പക്ഷെ വധശിക്ഷയാകട്ടെ, ആധുനിക നീതിന്യായ വ്യവസ്ഥയില്‍ സ്ഥാനമില്ലാത്തതും മധ്യകാലത്തെ രക്തദാഹത്തിലൂന്നിയ ശിക്ഷാരീതിയിലേക്കുള്ള ഒരു തിരിച്ചുപോക്കുമായിരിക്കും. നിയമം അനുവദിച്ചിട്ടുള്ളതാണെന്ന ഒറ്റക്കാരണം ഒരു വ്യക്തിയുടെ ജീവനെടുക്കുക എന്ന ക്രൂരകൃത്യത്തിന്റെ  കാഠിന്യം കുറക്കുന്നില്ല. വ്യക്തിയോ സ്ഥലമോ സാഹചര്യമോ വ്യത്യാസമില്ലാതെ 'ദി ഹിന്ദു' പതിറ്റാണ്ടുകളായെടുത്ത നിലപാട് ഇന്ത്യ വധശിക്ഷ റദ്ദാക്കണം എന്ന് തന്നെയാണ്. അത് പോലെ രാജീവ് ഗാന്ധി വധക്കേസ് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തം തടവ്‌ യാതൊരു ഇളവും അനുവദിക്കാതെ തന്നെ നല്‍കേണ്ടതുമാണ്‌.    

          ലോകത്ത് മരണശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്ന താല്‍പര്യം  ഒരുപാട്  രാജ്യങ്ങള്‍ മുന്നോട്ടു വെക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് വരെ 94 രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തു കഴിഞ്ഞു. അത് പോലെ 34 രാജ്യങ്ങള്‍ ഔദ്യോഗികവും അനൌദ്യോഗികവുമായി മൊറട്ടോറിയം പ്രഖ്യാപിച്ച് വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു. വര്‍ഷാവര്‍ഷം ധാരാളം വധശിക്ഷാവിധികള്‍ വായിച്ച് കുറ്റവാളികളെ പേടിപ്പിക്കാറുണ്ടെങ്കിലും 2004 മുതല്‍ ഇന്ത്യയും ഒറ്റ വധവും ഔദ്യോഗികമായി നടപ്പാക്കിയിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി മരവിപ്പിച്ചു നിര്‍ത്തിയ വധശിക്ഷ പെട്ടെന്ന് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ആവേശം യാദൃശ്ചികമാവാന്‍ വഴിയില്ല. എന്നാലും കുറ്റവാളികളായ ഏതാനും ജയില്‍പുള്ളികളെ തൂക്കിക്കൊന്നിട്ട് രാജ്യത്തെ ജനമനസ്സുകളിലേക്ക് തിരിച്ചു ചേക്കേറാമെന്നൊന്നും യു.പി.എ മോഹിക്കേണ്ടതില്ല. വെല്ലൂര്‍ ജയിലിലെ മരണനിരയില്‍ ഊഴം കാത്തിരിക്കുന്ന ഏതാനും എല്‍.ടി.ടി.ഇക്കാരുടെ കേസിലൂടെ അവരുടെ കുറ്റത്തിനര്‍ഹമായ ശിക്ഷക്ക് യാതൊരു ദാക്ഷീണ്യവും നല്‍കാതെ തന്നെ  മരണശിക്ഷ രാജ്യത്ത് നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള ഒരു അവസരമാണ് കൈ വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഈയവസരം മുതലെടുത്ത്‌ അവരുടെ മരണശിക്ഷ ജീവിതകാലം മുഴുക്കെ തടവ്‌ ശിക്ഷയാക്കി  കുറച്ചു കൊടുക്കുകയും ഈ ഇളവ് മറ്റെല്ലാ മരണം കാത്ത് കഴിയുന്ന പുള്ളികള്‍ക്കും അനുവദിച്ചു കൊടുക്കുകയും വേണം.   

25 February 2011

ഞങ്ങള്‍ ചെറുവാടിക്കാരുടെ മാവും പൂത്തു!

     "വെള്ളം  ഇറക്കം പിടിച്ചു എന്ന് തോന്നുന്നു."
മുതിര്‍ന്നവര്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ടതും ഞങ്ങള്‍ കുട്ടികള്‍ക്ക് കലി കയറി.
"ഒലക്ക.  വെള്ളം ഏറ്റമാ.." ഞാനെന്‍റെ കൂട്ടുകാരനോട് തറപ്പിച്ചു പറഞ്ഞു. "ഇടവഴിക്കടവ് മുറിഞ്ഞിട്ടുണ്ട്. ഇനി വെള്ളത്തെ  പിടിച്ചാല്‍ കിട്ടൂല.  മാത്രമല്ല നല്ല മഴക്കാറും കാറ്റുമുണ്ട്."
      "വെള്ളം ഇനിയും പൊങ്ങും."  എനിക്ക്  സന്തോഷം അടക്കാനായില്ല.

     ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും കൂടിച്ചേരുന്ന ഭാഗത്തോട് ചേര്‍ന്ന് ഒരു വലിയ തോട്.  ആ തോട്ടിലൂടെയാണ് ചെറുവാടിയുടെ വിശാലമായ വയലേലകളിലേക്ക് ആദ്യം വെള്ളം കയറി തുടങ്ങുന്നത്.   പുഴയില്‍ ജലനിരപ്പ്‌ ഒരു പരിധി വിട്ട് ഉയര്‍ന്നാല്‍പ്പിന്നെ വെള്ളം  കവുങ്ങിന്‍ തോട്ടത്തിലൂടെയും മറ്റും തള്ളിക്കയറി കുത്തിയൊലിക്കാന്‍ തുടങ്ങും. അതിനു ഞങ്ങള്‍ പറയുന്ന സാങ്കേതിക പദമാണ് 'ഇടവഴിക്കടവ് മുറിയുക' എന്നത്.  ഞങ്ങളുടെ നിഘണ്ടുവില്‍ ഇനിയും ഒരു പാടുണ്ട് ഇത്തരം വെള്ളപ്പൊക്കസംബന്ധിയായ സാങ്കേതിക പദങ്ങള്‍.

     ദുരിതം  പിടിച്ച കാലമാണ് എന്റെ നാട്ടിലെ  മുതിര്‍ന്നവര്‍ക്ക് വെള്ളപ്പൊക്കസമയം.   ചാലിയാറും ഇരുവഴിഞ്ഞിയും കൂടി ഭ്രാന്ത് പിടിച്ച് മത്സരിച്ച്  ഞങ്ങളുടെ  മലര്‍വാടിയായ ചെറുവാടിയെ മുക്കിക്കളയുന്നു. നടന്നും വാഹനത്തിലും സഞ്ചരിക്കുന്ന റോഡിലൂടെ ഞങ്ങള്‍  തോണിയില്‍ യാത്ര ചെയ്യുന്നു. ധാരാളം വീടുകള്‍ ഒഴിപ്പിക്കപ്പെടുന്നു. കൃഷികള്‍ നശിക്കുന്നു.  സ്കൂളുകളും മദ്രസ്സകളും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് താല്ക്കാലികാഭയ കേന്ദ്രമാകുന്നു. ഭൂരിഭാഗവും കൂലിത്തൊഴിലാളികളായത് കൊണ്ട് പണിയില്ലാതെ ആളുകള്‍ കഷ്ടപ്പെടുന്നു.
 എന്നാല്‍ ഞങ്ങള്‍ കുട്ടികളുടെ സ്ഥിതി അതല്ല.  വെള്ളപ്പൊക്കം എന്ന് കേട്ടാല്‍ തന്നെ മനസ്സൊന്നു തുള്ളിച്ചാടും.  സ്കൂളിന്‍റെ മടുപ്പിക്കുന്ന അച്ചടക്കത്തില്‍ നിന്നും  മാഷുടെ കയ്യിലുള്ള വടിയുടെ തുമ്പില്‍ കറങ്ങുന്ന പട്ടാളച്ചിട്ടയിലുള്ള ജീവിതത്തില്‍ നിന്നുമുള്ള മോചനമാണ് പ്രധാന കാരണം.  കൂടാതെ,  വെള്ളം കയറിയാല്‍ പ്പിന്നെ ഞങ്ങള്‍ക്കതൊരു ഉത്സവം പോലെയാണ്. ട്യൂബുകളും വാഴപ്പിണ്ടികളും എന്ന് വേണ്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന എന്തിനേയും ജലസവാരിക്കും നീന്തിക്കളിക്കാനും ഞങ്ങള്‍ ഉപയോഗിക്കും.  ചൈനീസ്‌ ജിംനാസ്റ്റിക് താരങ്ങളെ  വെല്ലുന്ന മലക്കം മറിച്ചിലുകളും ഞങ്ങള്‍ ഇക്കാലങ്ങളിലാണ് പരീക്ഷിക്കുക.  അത് കൊണ്ട് തന്നെ വീടിന്‍റെ കോലായില്‍ത്തന്നെ  വെള്ളം കയറിയാലും ഇറക്കം പിടിച്ചു എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്കത് അസഹ്യമാണ്.

     ഇതിത്രയും  ഇവിടെ പറയാന്‍ കാരണം   'ചളി'യാറ് മാസവും 'പൊടി'യാറ് മാസവുമായി ഞങ്ങളുടെ മനസ്സിന്‍റെ ഏതോ കോണില്‍ ഒരു മൌനനൊമ്പരമായി ഇടം പിടിച്ചിരുന്ന,  ആന പാത്തിയാല്‍ പോലും മുങ്ങിപ്പോകുമെന്ന് നാട്ടുകാര്‍ പറയുകയും  വര്‍ഷാവര്‍ഷം യഥാസമയം വെള്ളത്തില്‍ മുങ്ങിത്തന്ന്‍ കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് സന്തോഷമേകുകയും ചെയ്തിരുന്ന ആ റോഡിനു ശാപ മോക്ഷ(?)മായിരിക്കുന്നു.  തെനേങ്ങപറമ്പിലെ പെരുവാളയെന്ന  തോടിന്‍റെ മുകളിലുണ്ടായിരുന്ന, ഞങ്ങളുടെ വൈകുന്നേരങ്ങളിലെ വെടി പറച്ചിലുകള്‍ക്കു വേദിയായിരുന്ന, ഒട്ടനവധി ആളുകള്‍ അര്‍ദ്ധ രാത്രിയില്‍ പ്രേതങ്ങളെ കണ്ടു പേടിക്കുകയും ഇരുമ്പുപാലം എന്നറിയപ്പെടുകയും ചെയ്തിരുന്ന     ഞങ്ങളുടെ പ്രിയപ്പെട്ട കലുങ്കും ഓര്‍മയിലേക്ക് മറഞ്ഞിരിക്കുന്നു.  മഴയത്ത് കുടയും ചൂടി  മീന്‍ കിട്ടിയാലും ഇല്ലെങ്കിലും ഇര കോര്‍ത്ത ചൂണ്ടയും നീട്ടിപ്പിടിച്ച് എത്ര ദിവസങ്ങളാണ് ഇരുമ്പുപാലത്തില്‍ കാലും തൂക്കി ഇരുന്നിട്ടുള്ളത്.  ഈ റോഡ്‌ ഇനി  കേവലം പൊടിയും ചളിയും നിറഞ്ഞു കരഞ്ഞ മുഖവുമായി നില്‍ക്കുന്ന ഒരു നാട്ടു പാതയല്ല. ഒരു രാജപാതയുടെ പ്രൌഡിയിലേക്ക് അത് ഉയര്‍ന്നിരിക്കുന്നു.

     പത്തിരുപതു  വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ യു പി സ്കൂളില്‍ പഠിച്ചിരുന്ന കാലത്താണ് ഞാന്‍  സന്ധ്യാസമയങ്ങളില്‍ ഉപ്പയുടെ വായില്‍ നിന്നും  പ്രതീക്ഷയുണര്‍ത്തുന്ന ഞങ്ങളുടെ റോഡിന്‍റെ സ്വപ്‌നങ്ങള്‍ കേട്ട് തുടങ്ങിയത്. ഇരുവഴിഞ്ഞിപ്പുഴക്ക്‌ ഇടവഴിക്കടവില്‍ പാലം വരുമെന്നും, അത്യാവശ്യം ഉയരമുണ്ടായിട്ടും ചെറിയ മഴയില്‍ പോലും  വെള്ളം കയറിയിരുന്ന   റോഡ്‌ ഉയര്‍ത്തിക്കെട്ടി കറുപ്പിച്ച് കുട്ടപ്പനാക്കി ശരം വിട്ട പോലെ വാഹനങ്ങള്‍ ഒഴുകുന്ന ഒരു രാജപാതയാവുമെന്നും അന്നു മുതലേ എന്‍റെ മനസ്സില്‍ പൂതി വെപ്പിച്ചതും  അദ്ദേഹമാണ്.

     വര്‍ഷക്കാലത്ത് ചാലിയാറും ഇരുവഴിഞ്ഞിയും കൂടി ഒന്നിച്ചങ്ങു മുള്ളിയാല്‍പ്പിന്നെ പരന്നു കിടക്കുന്ന വയലിലും  പറമ്പിലുമെല്ലാം     വെള്ളം നിറഞ്ഞ്  മുങ്ങിക്കിടക്കുന്ന  കര കാണാത്ത കായല്‍ മാത്രമായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട റോഡ്‌.   അവിടവിടെ ഇലക്ട്രിക്‌ പോസ്റ്റുകളുടെ തലപ്പും  കയ്യെത്തിപ്പിടിക്കാവുന്ന ഉയരത്തില്‍ വൈദ്യുത കമ്പികളും ഇല്ലായിരുന്നെങ്കില്‍ വെള്ളത്തിനടിയില്‍  അങ്ങനെയൊരു റോഡുണ്ടെന്ന കാര്യം  പോലും ആര്‍ക്കും മനസ്സിലാവുമായിരുന്നില്ല.


     രണ്ടു  പതിറ്റാണ്ടോളം  രാഷ്ട്രീയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വേദിയാവുകയും പല തവണ നിയമനടപടികളുടെ നൂലാമാലകളില്‍ പെട്ടുഴലുകയും ചെയ്തതിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് റോഡിന്‍റെ പണി ആരംഭിക്കുന്നത്.  മിന്നല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.  വെള്ളത്തില്‍ മുങ്ങുന്ന ഒരു കിലോമീറ്ററില്‍ താഴെയുള്ള ഭാഗം ആറര മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ഭിത്തി കെട്ടിയുയര്‍ത്തിയാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.  കോഴിക്കോട് നിന്നും എളുപ്പത്തില്‍ ഊട്ടിയിലേക്കെത്താമെന്നതാണ്  റോഡിന്‍റെ പ്രാധാന്യം.  ഈ സ്വപ്നസാല്‍ക്കാരത്തിന് അഹോരാത്രം പണിയെടുത്ത ഞങ്ങളുടെ പ്രിയപ്പെട്ട തിരുവമ്പാടി എം എല്‍ എ ശ്രീ ജോര്‍ജ് എം തോമസിനെയും ഇക്കാര്യത്തില്‍ തങ്ങളാല്‍ ആവുന്നത് ചെയ്ത മറ്റെല്ലാ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെയും ഈ അവസരത്തില്‍ സ്മരിക്കാതെ വയ്യ. കൂടാതെ ഞങ്ങള്‍ ചെറുവാടിക്കാരുടെ സന്തോഷം ഇവിടെ പങ്കു വെക്കുകയും ചെയ്യുന്നു.

12 February 2011

ലോകസാഹിത്യത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം

(05/03/2011 ന് ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്‌.)    

ലോകത്തേറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ‍ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ്  ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയലോ. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്‍റെ  പുസ്തകം എന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ ഇദ്ദേഹത്തിന്‍റെ 'ദി ആല്‍കെമിസ്റ്റ്' എന്ന നോവലിന് സ്വന്തമാണ്. 70  ലോകഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട  ഈ പുസ്തകം എഴുപത്തൊന്നാമാതായി മാള്‍ട്ടീസ് ഭാഷയിലേക്കും തര്‍ജമ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്‍റെ മൂലകൃതി പോര്‍ച്ചുഗീസ്‌ ഭാഷയിലാണ്.  രമാ മേനോന്‍ മൊഴിമാറ്റം നടത്തി മലയാളത്തില്‍ ഇത്   ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‌

     സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയയുവാവിന്‍റെ കഥയാണ് ഇതിവൃത്തം. പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി  മനസ്സിനെ പിടിച്ചുലക്കുന്ന രീതിയില്‍ അവതരിപ്പിട്ടുള്ളതാണ്  പുസ്തകത്തിന്‌ ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്‌.  സ്പെയ്നില്‍  നിന്നും ആഫ്രിക്കയിലേക്ക് കടന്ന്  ഈജിപ്ത് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീക്ഷ്ണവും സ്തോഭജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. വിവിധ സംസ്കാരങ്ങളും ഭാഷക്കുപരിയായി മനുഷ്യന്‍റെ സംവേദനക്ഷമതയുമെല്ലാം ഒരു പ്രത്യേക വികാരത്തോടെ കൊയലോ വരച്ചു കാണിക്കുന്നുണ്ട്.

    നോവലിന്‍റെ  മര്‍മം എന്ന് പറയാവുന്ന വാക്കുകളാണ് സലേമിലെ രാജാവാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വൃദ്ധന്‍ സാന്റിയാഗോക്ക് നല്‍കുന്ന ഉപദേശം.

       "കുട്ടിക്കാലത്ത് നാം ഉള്ളിന്‍റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം.  ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം.  എന്തെങ്കിലുമൊന്നു തീവ്രമായി  മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍  അത് നടക്കാതെ വരില്ല.  കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്‍റെ വിത്തുകള്‍ പാകുന്നത്.  പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി സഹായത്തിനെത്തും.  എന്നാല്‍ ജീവിത യാത്രയുടെ ഏതോ ഒരു വഴിത്തിരിവില്‍ മനുഷ്യന് അവനവന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയില്‍. "
        അത്യന്തം പ്രതികൂലമായ  സാഹചര്യങ്ങളിലൂടെ  നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോയുടെ കൂടെയുള്ള യാത്ര ഓരോ വായനക്കാരന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നതില്‍ സംശയമില്ല.
  മരുഭൂമിയുടെ സവിശേഷ സ്വഭാവങ്ങളും അതിലെ  വിചിത്രമായ നിയമങ്ങളെയും കാല്‍പ്പനികതയുടെ കോണിലൂടെ നോക്കിക്കാണുന്ന ഹൃദ്യമായ അവതരണഭംഗിയും ദി ആല്‍ക്കെമിസ്റ്റിന്‍റെ പ്രത്യേകതയാണ്.


ബൈബിളില്‍  പ്രതിപാദിക്കുന്ന ഏലിയ എന്ന പ്രവാചകന്‍റെ കഥയായ 'ദി ഫിഫ്ത്ത് മൌണ്ടയ്ന്‍' ആണ് അദ്ദേഹത്തിന്‍റെ മറ്റൊരു ബെസ്റ്റ്‌ സെല്ലര്‍.

മുവായിരത്തോളം  വര്‍ഷങ്ങള്‍ക്കു മുമ്പ്   ഇസ്രായേല്‍ ഭരിച്ചിരുന്ന    ഇസബെല്‍  രാജ്ഞിയുടെ  വാള്‍ മുനയില്‍ നിന്നും തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ട്  പ്രപഞ്ച സൃഷ്ടാവായ ഏക ദൈവത്തിന്‍റെ  ആജ്ഞ പ്രകാരം നാട് വിട്ട് അക്ബര്‍ നഗരത്തിലെത്തിച്ചേരുന്ന  ഏലിയ അവിടെയും തന്‍റെ ദൈവത്തെ പരിചയപ്പെടുത്തുന്നു. പിന്നീട് അസീറിയക്കാരുടെ ആക്രമണം മൂലം തരിപ്പണമാകുന്ന അക്ബര്‍ നഗരത്തില്‍ കൊല്ലപ്പെടാതെ ബാക്കിയായി നിരാശയുടെ പടുകുഴിയിലകപ്പെട്ട  ഏതാനും വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു ചെറിയ കൂട്ടത്തെ  പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നു നല്‍കി അവരെ ഉപയോഗിച്ച് നഗരം പുനര്‍നിര്‍മിച്ച് അവിടത്തെ ഗവര്‍ണറായി സ്ഥാനമേല്‍ക്കുകയും പിന്നീട് തന്‍റെ പ്രണയിനിയായിരുന്ന വിധവയുടെ പുത്രന് നഗരത്തിന്‍റെ ഭരണം  കൈ മാറി ഇസ്രയേലിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നത്  വരെയുള്ള  ആത്മീയതയും ഭൌതികതയുമെല്ലാം കൂടിച്ചേര്‍ന്ന  വൈവിധ്യങ്ങളായ മാനുഷിക വികാരങ്ങളെ വരച്ചു കാണിക്കുന്ന ഒരു പ്രത്യേക കൃതിയാണ് ദി ഫിഫ്ത്ത് മൌണ്ടയ്ന്‍.  ഇസ്രയേല്‍  ഫിനീഷ്യ(ഇന്നത്തെ ലെബനോണ്‍), തുടങ്ങിയ രാജ്യങ്ങളില്‍ അക്കാലത്ത് നില നിന്നിരുന്ന രാഷ്ട്രീയവും സാമൂഹികവുമായിട്ടുള്ള വ്യവസ്ഥകളും  യുദ്ധനിയമങ്ങളുമെല്ലാം ഈ നോവലിലൂടെ പകര്‍ന്നു കിട്ടുന്നു.    

    അറുപത്തിനാലുകാരനായ പൌലോ കൊയലോ ആദ്യകാലത്ത് നാടകവും പാട്ടുകളുമൊക്കെയായിരുന്നു എഴുതിക്കൊണ്ടിരുന്നത്.  എഴുത്തുകാരനാവാനുള്ള അതിയായ മോഹം ചെറുപ്പ കാലത്ത് തന്നെയുണ്ടായിരുന്നു. എങ്കിലും ഒരു എഞ്ചിനീയറാകാനുള്ള  വീട്ടുകാരുടെ സമ്മര്‍ദ്ദം അദ്ദേഹത്തെ പതിനേഴാം വയസ്സില്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ വരെയെത്തിച്ചു. ഇരുപതാമത്തെ വയസ്സിലാണ് അവിടെ നിന്ന് പുറംലോകത്തെത്തുന്നത്. ശേഷം തെക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക, മെക്സിക്കോ, യൂറോപ്പ് തുടങ്ങി ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് ഒടുവില്‍ ബ്രസീലില്‍ തന്നെ മടങ്ങിയെത്തുകയായിരുന്നു.  1986 ല്‍ അദ്ദേഹം വടക്ക് പടിഞ്ഞാറന്‍ സ്പെയ്നില്‍ 500  മൈലുകളോളം കാല്‍നടയായി സഞ്ചരിച്ചതാണ്  അദ്ദേഹത്തിന്‍റെ  ജീവിതത്തില്‍   വഴിത്തിരിവായത്. ആ യാത്രയില്‍ തനിക്ക്  ആത്മീയമായ ഒരു ഉണര്‍വുണ്ടായി എന്നദ്ദേഹം പ്രസ്തുത  യാത്രയെക്കുറിച്ച് എഴുതിയ 'ദി പില്‍ഗ്രിമേജ്‌' എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.

    ഇതുവരെ  അദ്ദേഹത്തിന്‍റെ 29 പുസ്തകങ്ങളാണ്  പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആകെ പത്തു കോടിയിലധികം പുസ്തകങ്ങള്‍ 150 രാജ്യങ്ങളിലായി വിറ്റ്‌ പോയിട്ടുണ്ട്. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് പോര്‍ച്ചുഗീസ്‌ ഭാഷയില്‍ നിന്നുത്ഭവിച്ച് ലോകഹൃദയം കീഴടക്കിയ  ഈ എഴുത്ത് കാരന്‍ ലോകസാഹിത്യത്തിലെ എന്നത്തേയും ഒരു ഇതിഹാസമായിരിക്കുമെന്നു തന്നെയാണ്.

15 January 2011

പ്രണയാതുരമായ ഒരു കൊലപാതകം

    
     വര്‍ഷങ്ങള്‍ നീണ്ട   ത്യാഗപൂര്‍ണമായ പ്രണയത്തിനൊടുവില്‍ പ്രാണപ്രിയനെ  സ്വന്തമാക്കിയപ്പോള്‍  ലോകം കീഴ്പ്പെടുത്തിയ സന്തോഷമായിരുന്നു.  മതി മറന്നുള്ള  ആഹ്ലാദത്തിമര്‍പ്പ്.  പ്രണയ കാലത്ത് തന്നെ ഹൃദയങ്ങള്‍ ഒന്നായിരുന്നു. വിവാഹശേഷം ഹൃദയങ്ങള്‍ക്ക്  മാത്രമല്ല ശരീരങ്ങള്‍ക്കും വെറും  നിമിഷങ്ങളുടെ വേര്‍പാട് പോലും അസഹ്യമായി.  ലോകം മുഴുക്കെ ഒരു പൂങ്കാവനമായി രൂപാന്തരം വന്നതു  പോലെ. മഴയുടെ കുളിരും വെയിലിന്‍റെ സുവര്‍ണ ശോഭയും നിലാവിന്‍റെ പ്രണയാതുരതയുമെല്ലാം മധുവിധുവിന്‍റെ  മാസ്മരികതയില്‍ ഒരു മായികവസന്തമായി  തോന്നി.  ഒരു കുഞ്ഞിക്കാല് കാണാനുള്ള   മോഹം  സ്വര്‍ഗ്ഗത്തില്‍  ഒരു കട്ടുറുമ്പ് ഇപ്പോള്‍ തന്നെ വേണ്ടെന്ന  പ്രിയതമന്‍റെ ആശ മൂലം  തല്‍ക്കാലം അസ്ഥാനത്തായി.  എങ്കിലും ചില ദുര്‍ബല നിമിഷങ്ങളിലെ  വികാര തീവ്രതക്ക് മുന്നില്‍ കീഴടങ്ങിയ അദ്ദേഹത്തിന്‍റെ  മാനസിക നിയന്ത്രണം എന്നെ അപ്രതീക്ഷിതമായി  ഗര്‍ഭിണിയാക്കി. 


     സ്വര്‍ഗീയ സുഖത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭ നഷ്ടപ്പെട്ടേക്കുമെന്ന ഉത്കണ്‍ഠയില്‍  ഒരു നിമിഷം ഞങ്ങള്‍  അന്ധരായി. ലോകത്തോടാകെ അരിശം. ഒരു ഗര്‍ഭ കാലവും പ്രസവവും തീര്‍ച്ചയായും ഈ സ്വര്‍ഗീയത  തകിടം മറിക്കും. ഒന്നും ആലോചിക്കാനില്ല. നേരെ ആശുപത്രിയിലേക്ക്. കുടുംബ സുഹൃത്തായ ഡോക്ടര്‍ വിസമ്മതം പറഞ്ഞപ്പോള്‍ വലിയൊരു തുകക്കുള്ള ഇടപാടില്‍ മറ്റൊരു ഡോക്ടറെ സമീപിച്ചു.   മധുവിധു പകര്‍ന്നു തരുന്ന അനുഭൂതി കുറച്ചു നാളത്തേക്കു കൂടി ആലോസരമില്ലാതെ ആസ്വദിക്കാന്‍  ചെയ്യുന്ന ക്രൂര കൃത്യത്തിന്‍റെ  ആഴം ഒട്ടുമാലോചിക്കാതെത്തന്നെ  പിറക്കാനിരുന്ന   പൊന്നോമനയുടെ കഴുത്തില്‍ ഞങ്ങള്‍  കത്തി വെച്ചു. 


     കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു.   പല്ല് മുളക്കാതെ  തൊണ്ണ് കാട്ടിച്ചിരിക്കുന്ന പിഞ്ചു പൈതലിന്‍റെ മുഖമാണ് കണ്ണടക്കുമ്പോഴേക്കും മനസ്സില്‍ തെളിയുന്നത്.  നെഞ്ചില്‍ അണകെട്ടി നിര്‍ത്തിയ മാതൃസ്നേഹം  പൊട്ടിയൊഴുകാന്‍ വെമ്പി   അടുത്ത് ചെല്ലുമ്പോഴേക്കും പക്ഷെ നിഷ്കളങ്കമായ ആ ചിരി ചോരയിറ്റുന്ന കഠാര  കണ്ട ഒരു അറവുമാടിന്‍റെ പേടിച്ചരണ്ട ദയനീയനോട്ടമായി പരിണമിക്കുകയും ചെയ്യുന്നു.  

     കരളേ,  വിസ്മയങ്ങളുടെ പറുദീസയായ ഈ ലോകത്ത്‌ ഒന്ന് പിറക്കാന്‍ പോലും അവസരം തരാതെ  നിന്നെ അറുകൊല ചെയ്ത  ഒരു മാതാവല്ലേ ഞാന്‍!  അന്ന് ആ ശ്രമത്തിനിടയില്‍  ഗര്‍ഭപാത്രം നശിച്ചു പോയത് കൊണ്ട് ‌ഏകാന്തതയുടെയും അവഗണനയുടെയും നരകക്കടല്‍ നീന്തിക്കടന്നു  ഞാനിന്ന്  വാര്‍ദ്ധക്യത്തിലെത്തിയിരിക്കുന്നു. നിന്നെ കൊലക്ക്‌ കൊടുത്തതിനു പകരമായി ഞാന്‍ സഹിച്ചതോര്‍ത്തെങ്കിലും ഈ പാപിക്ക് നീ മാപ്പ് തരില്ലേ! 
The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം