'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

21 March 2023

കക്കാടം പൊയിൽ തേനരുവി റിസോർട്ടിൽ ഒരു മീറ്റ് അപ്പ്‌


   ചേന്ദംമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്-ബിയിൽ കൂടെയിരുന്നു പഠിച്ച ഞങ്ങളുടെ നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷമുളള ഒരു കൂടിച്ചേരൽ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല.  ഇടയ്ക്കിടെയായി പല സംഗമങ്ങളും നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് എനിക്ക് പങ്കെടുക്കാൻ സാധിച്ചിട്ടുള്ളത്. ഹൃദ്യമായ ഒരു കൂടിച്ചേരൽ തന്നെയായിരുന്നു ഇത്തവണ നടന്നത്. ക്ലാസ് ഗ്രൂപ്പിലെ  സഹൃദയരായ ചിലർ മുന്നിട്ടിറങ്ങി  മറ്റുള്ളവരെക്കൂടി പ്രചോദിപ്പിച്ചപ്പോൾ 2023 മാർച്ച്‌ 18 ശനിയാഴ്ച സംഗതി യാഥാർത്ഥ്യമാവുകയായിരുന്നു. 



കക്കാടം പൊയിലിനടുത്തുള്ള റിസോർട്ടിൽ വെച്ചായത് തന്നെയാണ് സംഗമത്തിന്റെ ഹൈലൈറ്റ്. അംബര ചുംബികളായ മലനിരകളും നിബിഡവനമേഖലയും കൊണ്ട് സമ്പന്നമായ കക്കാടം പൊയിൽ മനം മയക്കുന്ന ഒരു അനുഭൂതിയാണ് എന്നും സഞ്ചാരികൾക്ക് സമ്മാനിക്കാറുള്ളത്.  നാന്നൂറോളം ഏക്കറിൽ പരന്നു കിടക്കുന്ന തേനരുവി എസ്റ്റേറ്റിൽ ഏതാണ്ട് ആറര ഏക്കറിലാണ് നിർമ്മാണത്തിലിരിക്കുന്ന ഈ റിസോർട്ട് ഉള്ളത്. മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിർത്തിയിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.

ഞങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ള ഒരാളുടെ സുഹൃത്താണ് ഈ സ്ഥലം വാങ്ങി റിസോർട്ട് നിർമ്മിക്കുന്നത്. എസ്റ്റേറ്റിലെ മലഞ്ചെരിവിൽ ആധുനികമായ സംവിധാനങ്ങളോടെയാണ് റിസോർട്ട് നിർമ്മാണം പുരോഗമിക്കുന്നത്.  കാശ് കുറെ മുടക്കിയാണെങ്കിലും സംഗതി പൂർത്തിയാകുമ്പോൾ അത്യന്തം ആകർഷകമായ ഒരു ലക്ഷ്യസ്ഥാനമായി ഇത് മാറും എന്നത് ഉറപ്പാണ്.

എസ്റ്റേറ്റിൽ നിന്ന് ഉത്ഭവിക്കുന്ന ചെറിയൊരു പുഴ ഈ റിസോർട്ടിന്റെ ഹൃദയ നാഡിയാണ്.  അത് പാറക്കെട്ടിലൂടെ താഴേക്ക് ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ, അതിൽ രൂപപ്പെടുന്ന രണ്ടു പ്രകൃതിദത്തമായ കുളങ്ങൾ, അതിനെല്ലാം ഉപരിയായി ഒരു വ്യൂ പോയിന്റിൽ നിന്ന് നോക്കുന്നതുപോലുള്ള മലനിരകളുടെ ദൃശ്യങ്ങൾ എന്ന്   തുടങ്ങി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു ലാൻഡ്സ്‌കേപ്പിൽ തന്നെയാണ് ഈ റിസോർട്ടിന്റെ സ്ഥാനം.

മേലോട്ടുള്ള കോൺക്രീറ്റ് റോഡിന്റെ വശങ്ങളിൽ റോഡിൽ നിന്ന് നേരിട്ട് അകത്ത് പ്രവേശിക്കാവുന്ന രീതിയിൽ ചെങ്കുത്തായ സ്ഥലത്ത് ഉയർന്ന തൂണുകളിൽ സ്ഥാപിച്ച ഫാമിലിക്ക് താമസിക്കാവുന്ന  ആകർഷകമായ 'A'  ആകൃതിയിൽ സംവിധാനിച്ച സുഖവാസത്താവളങ്ങൾ, മീറ്റിംഗ് ഹാൾ, ഓപ്പൺ എയറിൽ ചെറിയ പരിപാടികളും കളികളും ഒക്കെ നടത്താവുന്ന ആംഫി തീയറ്റർ...

വിവിധ തരം കൃഷികൾ, ഔഷധ സസ്യങ്ങൾ, പുഷ്പങ്ങൾ അലങ്കാര ചെടികൾ, അലങ്കാര പക്ഷികൾ, മുയൽ, പശുക്കൾ, മത്സ്യക്കുളം തുടങ്ങി എല്ലാം കൊണ്ടും മനസ്സിന് കുളിർമ പകരുന്ന അനുഭൂതിയായിരുന്നു ഇവിടെ ചെലവഴിച്ച ഒരു പകൽ അനുഭവിച്ചത്.

ഇവിടത്തെ ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റവും സ്നേഹപൂർവ്വം കരിക്കിൻ വെള്ളം നൽകി ഞങ്ങളെ സ്വീകരിച്ചതും അവിസ്മരണീയം തന്നെയാണ്.  കാശൊന്നും വാങ്ങാതെയാണ് ഉടമ ഈ ദിവസം റിസോർട്ട്  ഞങ്ങൾക്ക് തന്നത്. കൂടാതെ പിരിയുമ്പോൾ ഓരോ ഔഷധച്ചെടികൾ സമ്മാനമായി നൽകാനും അദ്ദേഹം മറന്നില്ല. ആ വലിയ മനസ്സിന്  ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

പറഞ്ഞ സമയത്ത് ഒട്ടുമുക്കാൽ പേരും എത്തി. കാറുകൾ ഉണ്ടായിരുന്നത് കൊണ്ട് അവയിൽ കൊള്ളാവുന്നത്ര ആളുകളെ കയറ്റി മല കയറി രാവിലെ 11മണിയോടെ അവിടെ എത്തി. പലരും തമ്മിൽ കാണുന്നത് പതിറ്റാണ്ടുകൾ കഴിഞ്ഞാണ്. പത്താം ക്ലാസ് വിട്ടതിനു ശേഷം ആദ്യമായി തമ്മിൽ കാണുന്നവരും ഉണ്ടായിരുന്നു.  നീണ്ട കാലം കഴിഞ്ഞ് തമ്മിൽ കാണുമ്പോഴുള്ള അപരിചിതത്വമൊന്നും ആർക്കും ഇല്ലായിരുന്നു. എല്ലാവരും ഏതാനും മണിക്കൂറുകൾ നേരത്തേക്കെങ്കിലും ആ  പഴയ പത്താം ക്ലാസിൽ ഇരിക്കുന്ന നിർവൃതിയിൽ പരിലസിക്കുകയായിരുന്നു.

തമാശകളും കൊച്ചു വർത്തമാനങ്ങളും പാട്ടും മിമിക്രിയും കുട്ടികളുടെ നൃത്തവും ഭക്ഷണവും പ്രാർത്ഥനയും ഒക്കെയായി മൂന്ന് പതിറ്റാണ്ടിന്റെ അകൽച്ചയിൽ ഊഷരമായിപ്പോയ മനസ്സുകളിൽ പുനഃസമാഗമത്തിന്റെ തേന്മഴ കിനിഞ്ഞിറങ്ങുകയായിരുന്ന ഒരു പകൽ അങ്ങനെ കഴിഞ്ഞു പോയി.

തിരൂർക്കാരൻ സാജിതിന്റെയും കുടുംബത്തിന്റെയും സാന്നിധ്യം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അവരുടെ പാട്ടുകളും ഹാസ്യങ്ങളും എല്ലാവരും നന്നായി ആസ്വദിച്ചു. കൂട്ടത്തിൽ ഒന്ന് രണ്ട് പാട്ടുകൾ പാടി കൂടെയുള്ളവരെ വെറുപ്പിക്കാൻ എനിക്കും പറ്റി!

പരിപാടിക്ക് ഭക്ഷണം സ്പോൺസർ ചെയ്തത് കൂട്ടത്തിലെ റഊഫ് താമരശ്ശേരിയാണ്. സാജിത് അടക്കം പലരും വീട്ടിൽ  ഉണ്ടാക്കിയ സ്നാക്ക്സ് കൊണ്ട് വന്നിരുന്നു. അതെല്ലാം ഉൾപ്പെടുത്തിയായിരുന്നു ചായകുടി.  എല്ലാം കഴിഞ്ഞ് വൈകുന്നേരത്തോടെ മലയിറങ്ങുമ്പോൾ ഒരുപാട് ഹൃദയങ്ങളിൽ പുനസമാഗമത്തിന്റെ സംതൃപ്തി നിറയുകയായിരുന്നു.

ഇത്തരം സംഗമങ്ങൾ കോർഡിനേറ്റ് ചെയ്യാനും പണം മുടക്കാനും ആരൊക്കെയുണ്ടായാലും പങ്കെടുക്കാൻ ആളുണ്ടാവുക എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം. പങ്കെടുക്കാൻ മനസ്സുള്ള ഒരു കൂട്ടർ ഉണ്ടെങ്കിലേ ഏത് പരിപാടിയും വിജയിക്കൂ എന്നത് കൊണ്ട് ഇതിൽ ഏറ്റവും കൂടുതൽ കൃതജ്ഞത അറിയിക്കേണ്ടതും ഈ പങ്കെടുത്തവർക്ക് തന്നെയാണ് എന്നത് മറക്കുന്നില്ല.  എന്നും പരസ്പരം താങ്ങാവുന്ന ഒരു കൂട്ടായ്മയായി ഈ ഐക്യം എന്നും നിലനിൽക്കുമെന്ന പ്രതീക്ഷയോടെ....

TP Shukoor

The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം